കനലോർമയായി കാനം
സ്വന്തം ലേഖകന്‍
Monday, December 11, 2023 5:47 AM IST
കാനം (കോട്ടയം): നേതാക്കളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും ലാല്‍ സലാം വിളികളോടെ പ്രിയനേതാവ് കാനത്തിനു യാത്രാമൊഴി. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു വിടചൊല്ലാൻ രാഷ്ട്രീയ കേരളം ഇന്നലെ കാനം ഗ്രാമത്തിലേക്ക് ഒഴുകിയെത്തി.
ജന്മനാടായ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. സഹപ്രവര്ത്തകന് അന്തിമോപചാരം അര്‍പ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും എത്തി. വീടിന്റെ തെക്കുവശത്തെ പുളിമരച്ചോട്ടില്‍ മാതാപിതാക്കളെ സംസ്കരിച്ചതിനു സമീപമായാണ് കാനത്തിനു ചിതയൊരുക്കിയത്. മകന് സന്ദീപ് ചിതയ്ക്കു തീകൊളുത്തി.
പ്രവര്‍ത്തന മണ്ഡലമായ തിരുവനന്തപുരം പട്ടത്തെ പാര്‍ട്ടി ഓഫീസില്‍നിന്ന് ആരംഭിച്ച വിലാപയാത്ര 12 മണിക്കൂര്‍ പിന്നിട്ട് ഇന്നലെ പുലര്‍ച്ചെ 2. 30നാണ് കാനത്തെ വീട്ടിലെത്തിയത്. പുലര്‍ച്ചെവരെ അന്തിമോപചാരം അര്‍പ്പിക്കാനായി നൂറുകണക്കിനാളുകളെത്തിക്കൊണ്ടിരുന്നു.