വന്യമൃഗങ്ങളുടെ നാട്ടുവാഴ്ചയില് ഭീതിയോടെ...
Tuesday, December 12, 2023 12:42 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: കാടിറങ്ങുന്ന ഹിംസ്രമൃഗങ്ങള്‍ ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയാകുകയാണ്. ബത്തേരി വാകേരി കൂടല്ലൂരിലെ ക്ഷീരകര്ഷകന് പ്രജീഷിനെ നരഭോജി കടുവ കൊന്നത് ഏറ്റവും ഒടുവിലത്തേത് മാത്രം.
വണ്ടിപ്പെരിയാര്‍ സത്രത്തില്‍ കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി യുവാവ് കൃഷ്ണന് കുട്ടി (42) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഓരോ മാസവും രണ്ടും മൂന്നും പേരെ ആനയും കടുവയും പുലിയും കൊല്ലുന്ന ഭയാനകമായ സാഹചര്യം.
കഴിഞ്ഞ ആറര വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ പൊലിഞ്ഞത് 879 മനുഷ്യജീവനുകളാണ്. 4802 പേര്‍ക്ക് പരിക്കേറ്റു. 2017 ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. മരിച്ചവര്‍ക്ക് 16.74 കോടിയും പരിക്കേറ്റവര്‍ക്ക് 43.11 കോടിയും നഷ്ടപരിഹാരം നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
വന്യജീവി ആക്രമണങ്ങളില്‍ ഇക്കൊല്ലം മാത്രം ഇതുവരെ 117 പേര് മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം 137 പേരുടെ ജീവന് നഷ്ടമായി. 2021 (132) 2020 (111), 2019 (122), 2018 (133), 2017 (128) എന്ന തോതിലായിരുന്നു മരണം.
ഇവരില്‍ ചിലര്‍ക്കെങ്കിലും അര്‍ഹമായ നഷ്ടപരിഹാരം സാങ്കേതിക തടസങ്ങളാല്‍ നിഷേധിക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നു.
വന്യമൃഗങ്ങള്‍ മാത്രമല്ല കാടിറങ്ങിവരുന്ന വിഷപ്പാമ്പുകള്‍ വരെ മനുഷ്യനു ഭീഷണി ഉയര്‍ത്തുന്നു. പന്നിയും കുരങ്ങും കുറുനരിയും തേനീച്ചയും ആക്രമണകാരികളുടെ പട്ടികയിലുണ്ട്. ഇക്കാലത്ത് കാട്ടാനകള്‍ 115 പേരെയും കാട്ടുപോത്ത് 10 പേരെയും കൊന്നു.
വനാതിര്‍ത്തികളില്‍ ഭക്ഷണവും വെള്ളവും വേണ്ടിടത്തോളം ലഭിക്കാത്തത്തിനാലാണ് വന്യമൃഗങ്ങൾ നാട്ടിലേക്കെത്തുന്നത്. പ്രതിവര്‍ഷം 97 കോടിയുടെ കൃഷിയാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. അര്‍ഹമായ യാതൊരു നഷ്ടപരിഹാരവും കൃഷിനാശത്തിനു ലഭിക്കാറുമില്ല.