""ബ്ലഡി ക്രിമിനൽസ്''; കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് എതിരേ ആക്രോശിച്ച് ഗവർണർ
Tuesday, December 12, 2023 2:11 AM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞ് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് പാളയത്തും പിന്നാലെ പേട്ടയിലും എസ്എഫ്ഐക്കാർ പ്രതിഷേധിച്ചതോടെ ഗവർണർ കാറിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറഞ്ഞ് അതിരൂക്ഷ വിമർശനം നടത്തി.
എസ്എഫ്ഐ പ്രവർത്തകരെ ""ബ്ലഡി ക്രിമിനൽസ് ''എന്നു വിശേഷിപ്പിച്ച ഗവർണർ, തന്നെ കായികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയാണു നടന്നതെന്നും അതിന്റെ തലവൻ മുഖ്യമന്ത്രിയാണെന്നും തുറന്നടിച്ചു. പിന്നീട് വിമാനത്താവളത്തിലെത്തിയപ്പോൾ ഗവർണർ സുരക്ഷാവീഴ്ചയുടെ പേരിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരേ പൊട്ടിത്തെറിച്ചു.
ഇന്നലെ വൈകുന്നേരം 6.50ന് ഗവർണർ വിമാനത്താവളത്തിലേക്കു പോകുംവഴിയാണ് പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്കു മുന്നിൽവച്ച് എസ്എഫ്ഐക്കാർ കരിങ്കൊടിയുമായി കാറിനു മുന്നിൽ ചാടിവീണത്. പോലീസിന്റെ സുരക്ഷയുണ്ടായിരുന്നിട്ടും എസ്എഫ്ഐ പ്രവർത്തകർ അനായാസമായാണ് ഗവർണറുടെ വാഹനത്തിനടുത്തെത്തിയത്.
റോഡിന്റെ ഒരു വശത്തുനിന്ന പ്രവർത്തകർ പോലീസിനെ മറികടന്ന് കരിങ്കൊടി വീശി ഗവർണറുടെ വാഹനത്തിനടുത്തേക്ക് ഓടിയെത്തി. ചില പ്രവർത്തകർ കിരങ്കൊടിയുമായി ഗവർണറുടെ വാഹനത്തിനു മുന്നിലേക്കും ചാടിവീണു. ഇതിനിടയിൽ ഗവർണറുടെ വാഹനം വളഞ്ഞ പ്രവർത്തകർ വാഹനത്തിന്റെ ചില്ലിൽ ആഞ്ഞടിക്കുകയും കരിങ്കൊടി ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പെട്ടെന്നുണർന്ന പോലീസ് ഗവർണറുടെ കാർ വളഞ്ഞു പ്രതിഷേധിച്ച പ്രവർത്തകരെ സാവധാനം ബലം പ്രയോഗിച്ചു നീക്കി.
തുടർന്ന് ഗവർണറുടെ വാഹനവ്യൂഹം അതിവേഗത്തിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ പേട്ട ജംഗ്ഷനിലും ഗവർണർക്കെതിരേ കരിങ്കൊടി പ്രതിഷേധമുണ്ടായി. ഇവിടെവച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മാറ്റിവച്ച് വാഹനം നിർത്തിച്ച് ഗവർണർ നടുറോഡിലിറങ്ങി എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു.
മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകരെ ’ബ്ലഡി ക്രമിനിനൽസ്’ എന്നു വിളിച്ച് ഗവർണർ ആക്രോശിച്ചു.
നടുറോഡിൽനിന്നു പ്രതികരിച്ച ഗവർണറെ സുരക്ഷാ ജീവനക്കാർ അനുനയിപ്പിച്ചാണ് വീണ്ടും കാറിൽ കയറ്റിയത്.
ഗൂഢാലോചനയുടെ തലവൻ മുഖ്യമന്ത്രി: ഗവർണർ
തന്നെ കായികമായി കൈകാര്യം ചെയ്യാൻ സിപിഎം ഗൂഢാ ലോചന നടത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ ഗൂഢാലോചനയുടെ തലവൻ മുഖ്യമന്ത്രിയാണ്. നടക്കുന്നത് ഗുണ്ടാഭരണമാണ്. ഇത് അനുവദിക്കാൻ കഴിയില്ല. ഒരു ക്രിമിനൽ സംഘത്തെയും അനുവദിക്കില്ല.
ഗവർണറുടെ കാർ തടഞ്ഞുനിർത്തി പ്രതിഷേധിച്ചത് വലിയ സുരക്ഷാവീഴ്ചയാണ്. പ്രതിഷേധത്തെക്കുറിച്ച് നേരത്തേതന്നെ പോലീസിന് അറിയാമായിരുന്നു. മുഖ്യമന്ത്രിതന്നെ ഗൂഢാ ലോചനയുടെ തലവനായിരിക്കുന്പോൾ പോലീസിന് എന്തു ചെയ്യാൻ കഴിയും?കാറിന്റെ ചില്ലുകളിൽ വന്ന് ആഞ്ഞടിച്ചു.
കാറിൽ വന്ന് ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം?മുഖ്യമന്ത്രിക്കുനേരേയാണ് ഇത്തരത്തിൽ പ്രതിഷേധം നടന്നതെങ്കിൽ അവരുടെ ഗതിയെന്താകും? ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ അത് വിലപ്പോവില്ലെന്നും ഗവർണർ തുറന്നടിച്ചു.
അറസ്റ്റ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: ഗവർണറുടെ കാർ തടഞ്ഞുനിർത്തി പ്രതിഷേധിക്കുകയും നഗരത്തിൽ വിവിധയിടങ്ങളിൽ ഗവർണർക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്ത സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവർക്കെ തിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.