രഞ്ജി ട്രോഫി : കേരളം X മഹാരാഷ്ട്ര മത്സരം സമനിലയിൽ
Sunday, October 19, 2025 1:22 AM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ആദ്യ റൗണ്ടിൽ അവസാന ദിവസം മഹാരാഷ്ട്ര ടോപ്പ് ഓർഡർ ബാറ്റർമാർ നങ്കൂരമിട്ടതോടെ സമനിലയ്ക്ക് കൈകൊടുത്ത് കേരളം മത്സരം അവസാനിപ്പിച്ചു.
വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം മഹാരാഷ്ട്ര ബാറ്റിംഗ് ആരംഭിച്ചത്. മഹാരാഷ്ട്രയെ എറിഞ്ഞിടുകയും ലീഡ് റണ്‍സ് അടിച്ചെടുക്കുകയും ചെയ്താൽ മാത്രമേ പോയിന്റ് പട്ടികയിൽ നേട്ടമുള്ളൂവെന്നിരിക്കേ കേരളത്തിന്റെ ശ്രമം മഹാരാഷ്ട്രബാറ്റർമാർ തല്ലിക്കെടുത്തി.
അവസാന ദിനം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ രണ്ടാം ഇന്നിംഗ്സിൽ മഹാരാഷ്ട്ര 224 റണ്‍സെടുത്തു നിൽക്കേയാണ് മത്സരം സമനിലയിൽ പിരിയാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ 20 റണ്‍സ് ലീഡ് നേടിയ മഹാരാഷ്ട്രയുടെ ആകെ ലീഡ് 244 ആയി. രണ്ടു ഇന്നിംഗ്സിലും തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഋതുരാജ് ഗെയ്ക്വാദാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: മഹാരാഷ്ട്ര: 239, 242/2 കേരളം: 219.
നങ്കൂരമിട്ട് ബാറ്റർമാർ
നാലാം ദിനം അർധസെഞ്ചുറി നേടിയ ഓപ്പണർ പൃഥ്വി ഷായുടെ (102 പന്തിൽ 75) ബാറ്റിംഗ് കരുത്തിലാണ് മഹാരാഷ്ട്ര സ്കോർ ഉയർത്തിയത്. ഏഴു ഫോറാണ് പൃഥ്വിയുടെ ബാറ്റിൽനിന്നു പിറന്നത്. സഹ ഓപ്പണർ അർഷിൻ കുൽക്കർണി 36 റണ്‍സെടുത്ത് പുറത്തായി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റണ്‍സെടുത്തു. അർധസെഞ്ചുറിയുമായി സിദ്ധേഷ് വീറും (197 പന്തിൽ 55*), ഋതുരാജ് ഗെയ്ക്വാദും (81 പന്തിൽ 55*) ആയിരുന്നു മത്സരം അവസാനിപ്പിക്കുന്പോൾ ക്രീസിൽ.
നേരത്തേ മൂന്നാം ദിനം 219 റണ്‍സിന് പുറത്തായ കേരളം 20 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു. സഞ്ജു സാംസണ് (54), സൽമാൻ നിസാർ (49), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (36) എന്നിവരിലൂടെ ലീഡിലെത്താമെന്ന് കേരളം പ്രതീക്ഷിച്ചെങ്കിലും വാലറ്റം പെട്ടെന്ന് കീഴടങ്ങിയത് തിരിച്ചടിയായി. മൂന്നുവിക്കറ്റ് വീഴ്ത്തിയ മുൻ കേരള താരം ജലജ് സക്സേനയും സഞ്ജു, അസറുദ്ദീൻ എന്നിവരേ പുറത്താക്കിയ ഇടംകൈ സ്പിന്നർ വിക്കി ഓസ്വാളുമാണ് കേരളത്തെ തകർത്തത്.
സമനില, മഹാരാഷ്ട്രയ്ക്ക് നേട്ടം
മത്സരം സമനിലയിൽ അവസാനിച്ചാൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടുന്ന ടീമിന് മൂന്നു പോയിന്റ് ലഭിക്കുമെന്നിരിക്കേ സുവർണാവസരമാണ് കേരളം നഷ്ടമാക്കിയത്.
മധ്യനിര പൊരുതിയെങ്കിലും വാലറ്റത്തിന് പിടിച്ചുനിൽക്കാനാകാതെ വന്നതോടെ മഹാരാഷ്ട്രയുടെ 239 റണ്‍സിന് 20 റണ്‍സ് അകലെ കേരളം വീണു.
അർഹിച്ച പോയിന്റ് കേരളം നഷ്ടമാക്കിയപ്പോൾ ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റിന് 18 റണ്‍സെന്ന നിലയിൽ തകർന്നടിഞ്ഞ ശേഷം പൊരുതി നേടിയ 239 റണ്‍സ് സ്കോറിലൂടെ മഹാരാഷ്ട്ര മൂന്നു പോയിന്റ് സ്വന്തമാക്കി. കേരളത്തിന് ലഭിച്ച്ത് ഒരു പോയിന്റ്.
മുംബൈക്ക് ജയം
രഞ്ജി ട്രോഫി ആദ്യ റൗണ്ടിൽ ഷംസ് മുലാനിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തിൽ ജമ്മു കാശ്മീരിനെ 35 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ. ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഗ്രൂപ്പ്-ഡി മത്സരത്തിന്റെ നാലാമത്തെയും അവസാനത്തെയും ദിവസം ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിൽ ആയിരുന്ന ആതിഥേയർ 207 റണ്‍സിന് ഓൾ ഒൗട്ടായി.
243 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് 35 റണ്‍സ് അകലെ വീണു. അതേസമയം മൂന്ന് മത്സരങ്ങളിൽ ജമ്മു കാശ്മീരിനെതിരേ മുംബൈ നേടുന്ന ആദ്യ വിജയമാണിത്. മുംബൈക്കായി മുലാനി 20.4 ഓവറിൽ 46 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് സ്വന്തമാക്കി മിന്നും പ്രകടനം പുറത്തെടുത്തു.