രൂപം കെട്ട് രൂപ; ഓഹരിവിപണി നഷ്ടത്തിൽ, ക്രൂഡ് വിലയിൽ ഇടിവ്
Thursday, June 23, 2022 12:00 AM IST
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപ വൻ തകർച്ചയിൽ. ഇന്നലെ ഒരു ഡോളറിനെതിരേ 78.40 എന്ന നിലയിലെത്തി രൂപ ഇടിവിന്റെ പുതുറിക്കാർഡ് കുറിച്ചു. ഡോളറിനെതിരേ 27 പൈസയാണ് ഒറ്റ ദിവസംകൊണ്ട് രൂപയ്ക്ക് നഷ്ടമായത്.
മുൻദിവസം 78.13ലായിരുന്നു രൂപയുടെ ക്ലോസിംഗ്. വിദേശികൾ ഇന്ത്യയിൽനിന്നു വ്യാപകമായി നിക്ഷേപങ്ങൾ പിൻവലിക്കുന്നതും ഇന്ത്യൻ ഓഹരിവിപണി നഷ്ടത്തിലായതുമാണ് ഇന്നലെ രൂപയ്ക്കു തിരിച്ചടിയായത്. ഇന്നലെ ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ 78.13 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് വീണുപോവുകയായിരുന്നു.
ക്രൂഡ് വില താണതാണു രൂപയെ കൂടുതൽ ആഴങ്ങളിലേക്കു വീഴാതെ താങ്ങി നിർത്തിയത്. ബ്രെന്റ് ഇനം ക്രൂഡ് വില 5.70 ശതമാനം താണ് ഒരു ബാരലിന് 108.02 ഡോളറിലെത്തി. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാന്പത്തികമാന്ദ്യത്തിലാകുമെന്ന ആശങ്കയാണ് ക്രൂഡ് വിലയിൽ ഇടിവ് വരുത്തിയത്. അതിനിടെ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ ഇന്ധനവിലയിൽ കുറവ് കൊണ്ടുവരാൻ നടപടികൾ ആരംഭിച്ചു.
ഇന്ധനവിലയിൽ ചുമത്തുന്ന 18.4 ശതമാനം ഫെഡറൽ നികുതി മൂന്നു മാസത്തേക്ക് ഒഴിവാക്കാൻ ബൈഡൻ യുഎസ് കോണ്ഗ്രസിനോട് ആവശ്യപ്പെടുമെന്നാണ് വിവരം. എന്നാൽ, ഡോളറിന്റെ മൂല്യം 0.05 ശതമാനമുയർന്ന് 104.48 ലെത്തി.
അതിനിടെ, ഇന്ത്യൻ ഓഹരിവിപണി രണ്ടു ദിവസത്തെ തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ ഇന്നലെ കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്സ് 710 പോയിന്റ് നഷ്ടത്തോടെ 51,823 ലും എൻഎസ്ഇ നിഫ്റ്റി 225 പോയിന്റ് താണ് 15,413ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റാ സ്റ്റീൽ, വിപ്രോ, റിലയൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്സിഎൽ ടെക് എന്നീ ഓഹരികളാണ് ഇന്നലെ കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം, ടിസിഎസ്, എച്ച് യുഎൽ, പവർഗ്രിഡ്, മാരുതി, എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. ഡോളർ കരുത്തു പ്രാപിക്കുന്നതും യുഎസ് കടപ്പത്രവിപണി കൂടുതൽ ആകർഷകമാകുന്നതുമാണ് ഓഹരിവിപണിലെ വിദേശനിക്ഷേപകരുടെ കൊഴിഞ്ഞുപോക്കിനു കാരണം.