‘മുഖ്യമന്ത്രി അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലർ’
Saturday, May 27, 2023 1:05 AM IST
തൃശൂർ: അഴിമതിക്കാർക്കു ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. ഒരാൾ കൈക്കൂലി വാങ്ങിക്കൂട്ടുമ്പോൾ ഓഫീസിലെ മറ്റുള്ളവർ അറിഞ്ഞില്ലെന്നതു വിശ്വസിക്കാനാകില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്.
സ്വന്തം ഓഫീസിൽ നടന്ന അഴിമതികൾ മുഖ്യമന്ത്രിയും അറിഞ്ഞില്ലേയെന്നാണു തിരിച്ചു ചോദിക്കാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്ത് കേസിൽ നൂറു ദിവസം ജയിലിൽ കിടന്നു. ഇപ്പോൾ ലൈഫ് മിഷൻ കേസിലും ജയിലിലാണ്. മുഖ്യമന്ത്രിയാണു ലൈഫ് മിഷന്റെ ചെയർമാൻ. അഴിമതികൾ ഇനിയും പുറത്തുവരുമെന്നും വി.ഡി. സതീശൻ തിരുവന്പാടി കൺവൻഷൻ സെന്ററിൽ മാധ്യമങ്ങളോടു പറഞ്ഞു.