വില്ലേജ് ഓഫീസ് കൈക്കൂലി: റവന്യു ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം
Saturday, May 27, 2023 1:27 AM IST
തിരുവനന്തപുരം: പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ കൈയിൽ നിന്ന് 1.05 കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിൽ വകുപ്പുതല അന്വേഷണത്തിന് റവന്യു ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം രൂപീകരിച്ചു.
സെക്രട്ടേറിയറ്റിലെ റവന്യു ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സെക്ഷൻ ഓഫീസർ, സീനിയർ അസിസ്റ്റന്റുമാർ, റവന്യു വകുപ്പിലെ സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് എന്നിവരുണ്ടാകും.
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണു മന്ത്രി കെ. രാജൻ നിർദേശിച്ചിട്ടുള്ളത്. പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്കുമാറിന്റെ കൈക്കൂലി പണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പോലീസിന്റെ വിജിലൻസ് നടത്തുന്നത്.