അരിക്കൊമ്പൻ; ക്ഷണിച്ചുവരുത്തിയ ദുരന്തമെന്ന് ജോസ് കെ. മാണി
Sunday, May 28, 2023 2:58 AM IST
കോട്ടയം: കേരളത്തിൽനിന്നും അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസകേന്ദ്രത്തിൽ എത്താനിടയായത് ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്ന് കേരള കോൺഗ്രസ് എം- ചെയർമാൻ ജോസ് കെ. മാണി. ചിന്നക്കനാലിലെ അരിക്കൊമ്പൻ ദൗത്യം പരാജയമായിരുന്നുവെന്ന് തെളിഞ്ഞു. പരിചിതമായ ആവാസ മേഖലയിൽനിന്നും മറ്റൊരു പ്രദേശത്തേക്ക് കാട്ടാനകളെ മാറ്റുന്നത് ശാസ്ത്രീയവും പ്രായോഗികവുമായ മാർഗമല്ല
. ഇതര ലോക രാഷ്ട്രങ്ങളിലെ ഇത്തരം പരീക്ഷണങ്ങൾ സമ്പൂർണ പരാജയങ്ങളായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്നും പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റാനുള്ള കേരളത്തിലെ വിദഗ്ധ സമതിയുടെ തീരുമാനം ശരിയായിരുന്നില്ല. 250 കിലോമീറ്റർ വരെ നിർത്താതെ സഞ്ചരിക്കുന്ന കാട്ടാനയുടെ സ്വഭാവം വിദഗ്ധസമിതി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
ജനവാസ മേഖലയിൽ എത്തുന്ന വന്യ മൃഗങ്ങളെ കൂട്ടിലടയ്ക്കുകയോ അതിനു കഴിയാതെ വന്നാൽ വെടിവെച്ചു കൊല്ലുകയോ വേണം. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നത് സംബന്ധിച്ച് നിയമ സാധുതകൾ പരിശോധിക്കുന്നതിനും നിയമ ഭേദഗതിയെക്കുറിച്ച് പഠിക്കുന്നതിനുമായി ഒരു ഉന്നതതല സമിതിയെ രൂപീകരിക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലമായാണ് പ്രതികരിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.