കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ അഭിമാനകരം: കര്‍ദിനാള്‍ ആലഞ്ചേരി
Sunday, May 28, 2023 2:59 AM IST
കൊച്ചി: കര്‍ഷക വിഷയങ്ങളിലും ന്യൂനപക്ഷ അവകാശ പ്രശ്നങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കത്തോലിക്കാ കോണ്‍ഗ്രസിന് കഴിഞ്ഞത് അഭിമാനാര്‍ഹമാണെന്നും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്നും സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബഫര്‍സോണ്‍, കാര്‍ഷികോത്പന്ന വിലത്തകര്‍ച്ച, കക്കുകളി നാടക പ്രശ്നം തുടങ്ങിയവയില്‍ കേരളം മുഴുവന്‍ നടത്തിയ പ്രതിഷേധങ്ങള്‍ വിജയിച്ചത് അഭിമാനകരമായ കാര്യമാണ്. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.
കര്‍ഷക, വന്യമൃഗ ആക്രമണ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കത്തോലിക്കാ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുന്ന അഞ്ചു ലക്ഷം പേര് ഒപ്പിട്ട ഭീമ ഹര്‍ജിയുടെ ഔദ്യോഗിക ഉദ്ഘാടനം കര്‍ദിനാള്‍ നിര്‍വഹിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടറായി ചുമതലയേറ്റ റവ. ഡോ. ഫിലിപ്പ് കവിയിലിനെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുമോദിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍, മീഡിയ കൗണ്‍സില്‍ കോ -ഓര്‍ഡിനേറ്റര്‍മാര്‍ ചടങ്ങില്‍ ചുമതലയേറ്റെടുത്തു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമുദായ സംഗമത്തില്‍ ബിഷപ് ഡെലഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ബ്രിസ്റ്റോള്‍ മേയര്‍ എമിരിറ്റസ് ടോം ആദിത്യ, അഡ്വ. പി.ടി. ചാക്കോ, ജേക്കബ് ചക്കാത്തറ, ടോമി സെബാസ്റ്റ്യന്‍, ഡോ. ജോസ്കുട്ടി ഒഴുകയില്‍, രാജേഷ് ജോണ്‍, ടെസി ബിജു, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ഫാ. വര്‍ഗീസ് കുത്തൂര്‍, ഫാ. ഫ്രാന്‍സീസ് ഇടവക്കണ്ടം, ഫാ. സബിന്‍ തൂമുള്ളില്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷക പ്രശ്നങ്ങള്‍ക്കും വന്യമൃഗ ആക്രമണ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ടുസെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.