മുഖ്യമന്ത്രിയുടെ അമേരിക്ക, ക്യൂബ യാത്രയ്ക്ക് അനുമതി
Wednesday, May 31, 2023 1:30 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക, ക്യൂബ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലും ആരോഗ്യ കാര്യങ്ങൾ പഠിക്കാൻ ക്യൂബയിലുമാണ് മുഖ്യമന്ത്രിയും സംഘവും ജൂണ്‍ എട്ടുമുതൽ 18വരെ സന്ദർശനം നടത്തുന്നത്.
നേരത്തേ, കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം മുടങ്ങിയിരുന്നു. മേയ് ഏഴുമുതൽ 11 വരെ യുഎഇ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മന്ത്രി സജി ചെറിയാനും അവസാന നിമിഷം വിദേശ സന്ദർശനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയും സംഘവും ജൂണ്‍ എട്ടിന് അമേരിക്കയിലേക്ക് പുറപ്പെടുന്നത്.
മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി കെ.എൻ. ബാലഗോപാൽ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം തുടങ്ങിയവരടങ്ങിയ സംഘമാണ് ന്യൂയോർക്കിലേക്ക് പോകുന്നത്. ജൂണ്‍ ഒൻപതു മുതൽ 11 വരെയാണ് ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ സമ്മേളനം നടക്കുന്നത്.
നോർക്ക ഡയറക്ടർമാരായ എം.എ. യൂസഫലി, രവി പിള്ള, ജെ.കെ. മേനോൻ, ഒ.വി മുസ്തഫ എന്നിവരും സമ്മേളനത്തിനായി അമേരിക്കയിലേക്കെത്തുന്നുണ്ട്. ലോകകേരള സഭയുടെ നടത്തിപ്പിനും ഏകോപനത്തിനുമായി നോർക്ക ഡയറക്ടറായി നിയോഗിച്ച ഡോ. കെ.വാസുകി ജൂണ്‍ 5 മുതൽ 14 വരെ ന്യൂയോർക്കിലുണ്ടാകും. അവരുടെ യാത്രയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.
മേഖലാ സമ്മേളനത്തിനുശേഷം അമേരിക്കൻ മലയാളികൾ മുഖ്യമന്ത്രിക്ക് പൗര സ്വീകരണവും നൽകും. ലോകബാങ്ക് പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും.
ക്യൂബ സന്ദർശനത്തിന് മന്ത്രി വീണാ ജോർജ്, ആരോഗ്യ സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിക്കും സംഘത്തിനുമൊപ്പം ചേരും.