ഡോ. വന്ദന ദാസിന്റെയും ഫയർമാൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം
Thursday, June 1, 2023 12:47 AM IST
തിരുവന്തപുരം: കൊട്ടാരക്കര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദന ദാസിന്റെയും തിരുവനന്തപുരം കിൻഫ്ര തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച ഫയർമാൻ ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
ഡോ. വന്ദന ദാസിന്റെ മുട്ടുചിറയിലെ വീട്ടിൽ മന്ത്രി വി.എൻ. വാസവൻ നേരിട്ടെത്തി മന്ത്രിസഭ തീരുമാനം കുടുംബത്തെ അറിയിക്കും. ധനസഹായം കഴിഞ്ഞ മന്ത്രിസഭ പരിഗണിച്ചെങ്കിലും കുടുംബത്തിന്റെ കൂടി താത്പര്യം പരിഗണിച്ചു മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതുള്ളുവെന്നു തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 25 ലക്ഷം രൂപ ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചത്. തിരുവനന്തപുരം കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ജെ.എസ്. രഞ്ജിത്തിന്റെ ജീവൻ പൊലിഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബത്തിന് മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഫണ്ടിൽ നിന്നാണ് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കുക.