കിടപ്പ് രോഗികൾക്കായി രാജ്യത്തെ പ്രഥമ എഫ്എം റേഡിയോ കൊല്ലത്ത്
Thursday, June 1, 2023 12:47 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കിടപ്പ് രോഗികൾക്ക് സാന്ത്വനവും ആശ്വാസവും പകരുന്നതിനായി രാജ്യത്ത് ആദ്യമായി കൊല്ലത്ത് എഫ്എം റേഡിയോ പ്രവർത്തനം ആരംഭിക്കുന്നു. റേഡിയോ സാന്ത്വനം 90.4 എഫ്എം എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഇന്നു മുതൽ പരീക്ഷണ പ്രക്ഷേപണം ആരംഭിക്കും. സമ്പൂർണ സാങ്കേതിക മികവോടെ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം പൂർണ സജ്ജമാകും.
കൊല്ലം ജില്ലയിൽ എല്ലായിടത്തും ഈ റേഡിയോ പ്രക്ഷേപണം ലക്ഷ്യമാകും. കൂടാതെ ഇന്റർനെറ്റ്, യൂട്യൂബ് എന്നിവ വഴി ലോകമെമ്പാടും റേഡിയോ പരിപാടികൾ ലഭ്യമാകുമെന്നും സംഘാടകർ അറിയിച്ചു.
പാലിയേറ്റീവ് കെയർ രോഗികൾക്കും ബന്ധുക്കൾക്കുമായി അറിവ് പകരുന്ന മെഡിക്കൽ ബുള്ളറ്റിനുകൾ, രോഗികൾക്ക് ലഭ്യമാക്കുന്ന സർക്കാർ സഹായങ്ങൾ, അവർക്ക് ആശ്വാസം പകരുന്ന കലാപരിപാടികൾ തുടങ്ങിയവ റേഡിയോ വഴി ലഭ്യമാക്കും.
രോഗികൾക്കും അവരുടെ സന്തോഷം, ആകാംക്ഷ, അഭിപ്രായങ്ങൾ എന്നിവ പങ്കുവയ്ക്കുന്നതിനും റേഡിയോ വഴി അവസരം ഉണ്ടാകും. തുടർന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതൽ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
കൊല്ലത്തെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. തിരുമുല്ലവാരത്താണ് റേഡിയോ നിലയം സ്ഥാപിച്ചിട്ടുള്ളത്.
2007-ൽ ആണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. ഇതിനകം 10,000-ൽ അധികം രോഗികൾ ട്രസ്റ്റിന് കീഴിലുണ്ട്. ഇതിൽ നല്ലൊരു പങ്കും കാൻസർ രോഗികളാണ്. ജില്ലയിൽ 13 ഒപി ക്ലിനിക്കുകളും പ്രവർത്തിക്കുന്നു.
റേഡിയോ പ്രക്ഷേപണം പൂർണ തോതിൽ ആകുന്നതോടെ പാലിയേറ്റീവ് കെയർ രോഗികൾക്ക് പുതിയ ജീവിത ശൈലിക്ക് തുടക്കം കുറിക്കാൻ കഴിയുമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ. കമലാസനൻ, വൈസ് ചെയർമാൻ ഡോ.സി.എസ്.ചിത്ര, സെക്രട്ടറി എൻ. മോഹനൻ പിള്ള എന്നിവർ പറഞ്ഞു.