സിദ്ദീഖിന്റെ കൊലപാതകം:കൊലപാതകം നടന്ന ഹോട്ടലിൽ പ്രതികളെ എത്തിച്ചു
Thursday, June 1, 2023 12:47 AM IST
കോഴിക്കോട്: ഹോട്ടല്‍ വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ തെളിവെടുപ്പിനിടെ നാട്ടുകാരുടെ ജനരോഷം. പ്രതികളായ ഷിബിലിയേയും ഫര്‍ഹാനയെയും കാറിനടുത്തേക്കുകൊണ്ടുവരുമ്പോള് ജനക്കൂട്ടം രോഷാകുലരായി.
പ്രതിഷേധം ഉയരുന്നതിനിടെ പോലീസ് തിരക്കിട്ട് പ്രതികളെ വാഹനത്തില്‍ കയറ്റി. സിദ്ദിഖിനെ കൊന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസ ഇന്നലെ തെളിവെളുപ്പിനിടെയായിരുന്നു കാണാനെത്തിയവരുടെ പ്രതിഷേധം.
തെളിവെടുപ്പില്‍ കൊലപാതകം നടത്തിയ രീതിയും മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗില്‍ ആക്കിയതുമെല്ലാം ഷിബിലിയും ഫര്‍ഹാനയും പോലീസിനു വിശദീകരിച്ചുകൊടുത്തു. രാവിലെ 9.55 നാണ് തിരൂര്‍ ഡിവൈഎസ്പി കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുമായി എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്നില്‍ എത്തിയത്.
കൊലപാതകത്തിന്റെ ഓരോ ഘട്ടവും പ്രതികള്‍ പോലീസിനു വിശദീകരിച്ചുകൊടുത്തു. ചുറ്റികകൊണ്ട് സിദ്ദീഖിന്റെ തലക്കടിച്ചത് ഷിബിലി വിശദീകരിച്ചു. നെഞ്ചില്‍ ചവിട്ടിയ കാര്യവും മര്‍ദിച്ച കാര്യവും പറഞ്ഞു.
സിദ്ദിഖുമായി വാക്കേറ്റം നടന്നുവെന്ന് ഇരുവരും പറഞ്ഞു. കൊലപാതകം കഴിഞ്ഞ ശേഷം മിഠായിത്തെരുവിലെ കടയില്‍നിന്ന് ട്രോളി ബാഗും പുഷ്പ ജംഗ്ഷനിലെ കടയില്‍നിന്ന് ഇലക്ട്രിക്ക് കട്ടറും വാങ്ങി വന്നശേഷം മൃതദേഹം മുറിച്ചുമാറ്റിയ രീതി പ്രതികള്‍ കാണിച്ചുകൊടുത്തു.