കൈക്കൂലി: എക്സിക്യൂട്ടീവ് എൻജിനിയർ പിടിയിൽ
Thursday, June 1, 2023 12:47 AM IST
കോട്ടയം: കൈക്കൂലി ചോദിച്ചു വാങ്ങുന്നതിനിടെ എക്സിക്യുട്ടീവ് എൻജിനിയർ വിജിലന്‍സ് പിടിയിൽ. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പത്തനംതിട്ട നിരണം സ്വദേശിയായ കെ.കെ. സോമനെയാണു വിജിലന്‍സ് എസ്പി വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
എറണാകുളം സ്വദേശിയായ കരാറുകാരനില്‍നിന്നും കെട്ടിടത്തിന്റെ സ്കീം അപ്രൂവലിനായി കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയെടുക്കുമ്പോഴാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയില്‍ കുടുങ്ങിയത്. നിരന്തരം കൈക്കൂലി വാങ്ങിയിരുന്ന ഇയാള്‍ക്കെതിരേ ആരോപണങ്ങള്‍ നേരത്തേയുണ്ടായിരുന്നതായി വിജിലന്‍സ് സംഘം പറയുന്നു.
കോട്ടയത്തെ ഒരു കെട്ടിടത്തിന്റെ സ്കീം അപ്രൂവലിനായാണ് എറണാകുളം സ്വദേശിയായ കരാറുകാരന് കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഓഫിസില്‍ എത്തിയത്. ഓഫിസില്‍ എത്തിയ ഇദ്ദേഹത്തോടെ അനുമതി നല്കുന്നതിനു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു മാര്‍ഗവുമില്ലാതെ വന്നതോടെ ഇദ്ദേഹം ആദ്യം പതിനായിരം രൂപ നല്കി. ഇതിനുശേഷവും കൈക്കൂലി ആവശ്യപ്പെട്ട് ഫോണ്‍ വിളി തുടര്‍ന്നതോടെ കരാറുകാരന് പരാതിയുമായി വിജിലന്‍സ് സംഘത്തെ സമീപിക്കുകയായിരുന്നു.