ഡോ. വെള്ളായണി അർജുനൻ കർമപഥത്തിൽ എന്നും ധീരതയോടെ...
Thursday, June 1, 2023 12:47 AM IST
എസ്. മഞ്ജുളാദേവി
കഠിനാധ്വാനം കൊണ്ട് ജീവിതത്തിൽ ഉന്നതിയിലെത്തിയ വ്യക്തിയായിരുന്നു അന്തരിച്ച ഡോ. വെള്ളായണി അർജുനൻ. അർധരാത്രി വരെ ഉറക്കമിളച്ചിരുന്ന് വായിച്ചും പഠിച്ചുമാണ് സ്വന്തം ജീവിതത്തിലെ എല്ലാ പദവികളും അദ്ദേഹം നേടിയത്. നവതിയിലെത്തിയ സമയത്തും തന്റെ കഠിനപ്രയത്നമാണ് ഓരോരോ ബിരുദങ്ങൾക്കും പദവികൾക്കും പിന്നിലെ വിജയരഹസ്യം എന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്.
1964-ൽ ആദ്യ ഡിലിറ്റ് ലഭിച്ച വെള്ളായണി അർജുനനു 2015-ൽ ആണ് മൂന്നാമത്തെ ഡിലിറ്റ് ലഭിക്കുന്നത്. വൈജ്ഞാനിക ജീവിതത്തിൽ അർജുനനു ലഭിച്ച ഉന്നത ബിരുദങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നവയാണ്. 2015-ൽ അതായത് അർജുനന്റെ 82-ാമത്തെ വയസിൽ ഡിലിറ്റ് ലഭിക്കുന്നത് മലയാള കവിതയിൽ ശ്രീനാരായണ ഗുരുദേവന്റെ സ്വാധീനം എന്ന ഗവേഷണ പ്രബന്ധത്തിനാണ്. മൂന്ന് ഡിലിറ്റുകൾ കൂടാതെ പിഎച്ച്ഡി ബിരുദവും മൂന്ന് ബിരുദാനന്തര ബിരുദങ്ങളും തമിഴ്, തെലുങ്ക്, കന്നട എന്നി ഭാഷകളിൽ പിജി ഡിപ്ലോമയും ഇതോടൊപ്പം നേടിയിട്ടുണ്ട് വെള്ളായണി അർജുനൻ.
ഇന്ത്യയ്ക്കു തന്നെ അഭിമാനകരമായ നേട്ടങ്ങൾ സർവവിജ്ഞാനകോശം, വിശ്വ വിജ്ഞാനകോശം തുടങ്ങിയവയിലൂടെ ആർജിച്ചിട്ടുമുണ്ട്. എങ്കിലും അവസാന നാൾവരെയും ആ വിജ്ഞാനദാഹം ശമിച്ചിരുന്നില്ല. വായനയും എഴുത്തും ഗവേഷണവും അന്യമായൊരു ജീവിതം അദ്ദേഹത്തിന്റെ 90-ാം വയസിലും വിട്ടകന്നിരുന്നില്ല.
ഐടി മേഖലയിലേക്കും സാങ്കേതിക ലോകത്തേക്കും പുതിയ തലമുറകൾ ചുവടുറപ്പിക്കുന്ന കാലത്ത് മലയാള ഭാഷാപഠനവും ഗവേഷണവും ഒരു തപസായി കണ്ടു വെള്ളായണി അർജുനൻ. മലയാള ഭാഷയോട് അത്യധികമായ സ്നേഹം പുലർത്തുന്പോഴും ഇന്ത്യൻ ഭാഷകളെ മുഴുവൻ ഹൃദയത്തിൽ ചേർത്ത് നിർത്തുവാനും ആഗ്രഹിച്ചു. ഇന്ത്യൻ ഭാഷകൾക്കു ഒരു സർവവിജ്ഞാന കോശം എന്നതായിരുന്നു അവസാന സ്വപ്നം.
എല്ലാ അർഥത്തിലും സമർപ്പണമായിരുന്നു വെള്ളായണി അർജുനന് ഔദ്യോഗിക ജീവിതം. കൃത്യനിർവഹണത്തിലെ ആത്മാർപ്പണം കൊണ്ടുതന്നെയാണ് ഉന്നത പദവികൾ ദീർഘകാലം കൈകാര്യം ചെയ്യുവാനും അദ്ദേഹത്തിനു സാധിച്ചത്. സർവവിജ്ഞാന കോശത്തിന്റെ ഡയറക്ടറായിരിക്കുന്പോൾ തന്നെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയും 2002-2003 കാലഘട്ടത്തിൽ വെള്ളായണി അർജുനനു സംസ്ഥാന സർക്കാർ നല്കിയിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ നവീകരിക്കുന്നതിൽ വലിയ പങ്കാണ് ഇക്കാലത്ത് അദ്ദേഹം വഹിച്ചത്.
ജാതി-മത-രാഷ്ട്രീയ താല്പര്യങ്ങളിൽപ്പെടാതെ ധീരമായ തീരുമാനങ്ങളും എന്നും അദ്ദേഹം എടുത്തിരുന്നു. കഴിവുള്ള ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുക അതുവഴി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖഛായ മാറ്റുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. ടെക്സ്റ്റ് ബുക്കുകളുടെ നിർമാണം പകുതി വഴിയിൽ ആയിരുന്ന സമയം കൂടിയായിരുന്നു അത്.
തിരുവനന്തപുരം ജില്ലയിലെ വെള്ളായണി എന്ന അക്കാലത്തെ ഗ്രാമപ്രദേശത്തിൽ കൃഷിക്കാരനായ ജി. ശങ്കരപണിക്കരുടെ മകനായി ജനിച്ചു വളർന്ന വെള്ളായണി അർജുനൻ നിർഭയനായി തന്നെയാണ് ഓരോ പടവും കയറി ഒൗന്നിത്യത്തിലെത്തിയത്.