വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും പരിശോധന: മന്ത്രി കെ.രാജൻ
Thursday, June 1, 2023 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ മന്ത്രി മുതൽ ഡെപ്യൂട്ടി കളക്ടർവരെയുള്ള ഉദ്യോഗസ്ഥർ എല്ലാ മാസവും പ്രത്യേക പരിശോധന നടത്തുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.
റവന്യൂ വിജിലൻസും മറ്റു പരിശോധനാ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തും. നിലവിൽ 182 വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി. ഇതിന്റെ റിപ്പോർട്ട് ക്രോഡീകരിക്കുകയാണ്. മൂന്നു വർഷം പൂർത്തിയാക്കിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെയും വില്ലേജ് അസിസ്റ്റന്റുമാരെയും മാറ്റിനിയമിക്കും.
പരാതികൾ അറിയിക്കാനുള്ള ടോൾ ഫ്രീ നന്പർ ഈ മാസം 10ന് സജ്ജമാകും. അഴിമതി നിർമാർജ്ജനം ചെയ്യാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ജൂണ്‍ അഞ്ചിന് സർവീസ് സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.