പദ്മ പുരസ്കാരങ്ങൾ നേടിയവർക്ക് കേരള പുരസ്കാരമില്ല
Thursday, June 1, 2023 12:47 AM IST
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പദ്മാ പുരസ്കാരങ്ങൾ നേടിയിട്ടുള്ളവരെ കേരള പുരസ്കാരങ്ങൾക്കായി പരിഗണിക്കേണ്ടതില്ലെന്നു തീരുമാനം.
പദ്മവിഭൂഷണ്, പദ്മഭൂഷൻ, പദ്മശ്രീ എന്നിവ നേടിയവരെയാണ് വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾക്ക് പരിഗണിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. ഇതു സംബന്ധിച്ച കേരള പുരസ്കാര മാർഗ നിർദേശങ്ങളിൽ ഭേദഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് 10 വർഷമെങ്കിലും താമസിച്ചുവരുന്നവരും താമസിച്ചിരുന്നവരുമായ ഭാരത പൗരന്മാരെയാണ് പരിഗണിക്കുക. പുരസ്കാര നിർണയ സമിതികളായ പ്രാഥമിക പരിശോധനാ സമിതി, ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിവ സേർച്ച് കമ്മിറ്റിയായി കൂടി പ്രവർത്തിക്കുന്നതിന് അനുവദിക്കും.
ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് സ്വകാര്യ ഭൂമി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് മുഖാന്തിരം ഭൂരഹിതരായ പട്ടികവർഗക്കാർക്ക് ഏറ്റെടുത്തു നൽകുന്നതിന് പട്ടികജാതി- വർഗ വികസന വകുപ്പ് പുറപ്പെടുവിച്ച കരടു മാർഗ നിർദേശങ്ങൾ അംഗീകരിക്കാനും തീരുമാനിച്ചു.