പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ ക്രമക്കേട്: കെപിസിസി ജനറല്‍ സെക്രട്ടറി കസ്റ്റഡിയിൽ
Thursday, June 1, 2023 12:54 AM IST
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാമിനെ പോലീസ് കസ്റ്റയിലെടുത്തു. ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവിയെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
ബാങ്കില്‍ മുന്‍ ഭരണസമിതിയുടെ കാലത്തു നടന്ന വായ്പ ഇടപാടുമായി ബന്ധപ്പെട്ടു പുല്‍പ്പള്ളി സ്വദേശി ഡാനിയേല്‍ 2022ല്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഏബ്രഹാമും രമാദേവിയും. പുല്‍പ്പള്ളി സ്വദേശി കൊല്ലപ്പള്ളി സജീവനും കേസില്‍ പ്രതിയാണ്. അനുവദിച്ച വായ്പ തുക നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ഡാനിയേലിന്റെ പരാതിയില്‍.
കേളക്കവല ചെമ്പകമൂലയിലെ കര്ഷകന് കിഴക്കേഇടയിലത്ത് രാജേന്ദ്രന് നായർ(55) ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഏബ്രഹാമിനും രമാദേവിക്കും എതിരായ പോലീസ് നടപടി. ഇന്നലെ രാവിലെയാണ് പോലീസ് രമാദേവിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയത്.
വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏബ്രഹാമിനെ പോലീസ് സ്റ്റേഷനു സമീപത്തെ സ്വകാര്യആശുപത്രിയിലാണ് ആദ്യം പ്രവേശിച്ചത്. നില മെച്ചപ്പെടാത്ത സാഹചര്യത്തില്‍ പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഗവ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കും ഉച്ചകഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ ഏബ്രഹാം ഭരണസമിതി പ്രസിഡന്റായിരുന്ന കാലയളവില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെത്തുടര്‍ന്നു കടക്കെണിയില്‍ അകപ്പെട്ടതിന്റെ മനോവേദനയിലാണു രാജേന്ദ്രന് നായര്‍ ജീവനൊടുക്കിയതെന്നു ആരോപണം ഉയര്‍ന്നിരുന്നു.
ഏകദേശം 35 ലക്ഷം രൂപയാണ് ബാങ്കില്‍ രാജേന്ദ്രന് നായര്‍ക്കു ബാധ്യത. എന്നാല്‍ 2017ല്‍ അദ്ദേഹം 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നാണു വീട്ടുകാര്‍ പറയുന്നത്.
രാജേന്ദ്രന്‍നായരുടെ മരണത്തിനു മുഖ്യ ഉത്തരവാദി ബാങ്ക് മുന്‍ പ്രസിഡന്റ് ഏബ്രഹാമാണെന്നാണ് ഇടതുപാര്ട്ടികളുടേതടക്കം ആരോപണം. ബാങ്കില്‍ മുന്‍ ഭരണസമിതിയുടെ കാലത്തു നടന്ന വായ്പ തട്ടിപ്പു സംബന്ധിച്ച വിജിലന്‍സ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടര്‍മാരും ജീവനക്കാരില്‍ ചിലരും അടക്കം 10 പ്രതികളുള്ള കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിജിലന്‍സ് ഡിവൈഎസ്പി ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്.