സർക്കാർ വകുപ്പുകൾക്ക് മൂന്നു കോടി വരെയുള്ള ഉത്പന്നങ്ങൾ സ്റ്റാർട്ടപ്പുകളിൽനിന്ന് വാങ്ങാം
Thursday, June 1, 2023 12:54 AM IST
തിരുവനന്തപുരം: കെഎസ്യുഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകളിൽ നിന്നും സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു കോടി രൂപയിൽ നിന്നും മൂന്നുകോടിയായി വർധിപ്പിച്ച് സർക്കാർ ഉത്തരവ്.
നേരത്തേ ഐടി മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി ഐടി ഇതര മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാകും.
പുതിയ ഉത്തരവ് പ്രകാരം ഐടി, ഐടി ഇതര മേഖലയിലുള്ള സ്റ്റാർട്ടപ്പുകളിൽ നിന്നും മൂന്നു കോടി രൂപ വരെയുള്ള സേവനങ്ങളും ഉത്പന്നങ്ങളും വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ എന്നിവർക്ക് വാങ്ങാം.
പരിധി വർധിപ്പിക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള നൂതന സാങ്കേതിക ഉത്പന്നങ്ങളും സേവനങ്ങളും എല്ലാ സർക്കാർ വകുപ്പുകൾക്കും ഉപയോഗിക്കാനാകും. കൃഷി, തദ്ദേശസ്വയംഭരണം, ആരോഗ്യം, ടൂറിസം തുടങ്ങി സംസ്ഥാന സർക്കാരിനു കീഴിലുള്ള 49 വകുപ്പുകൾക്കും 1000ലധികം ഉപസ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.
സ്റ്റേറ്റ് യുണീക്ക് ഐഡി യുള്ള സ്റ്റാർട്ടപ്പുകളിൽ നിന്ന് ടെൻഡർ നടപടിക്രമങ്ങളില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് വാങ്ങുന്നതിനുള്ള ധനപരിധി 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷമാക്കി ഉയർത്തിട്ടുമുണ്ട്. ഇതിനായി സ്റ്റോർസ് പർച്ചേസ് വകുപ്പും ഇലക്ട്രോണിക്സും വിവര സാങ്കേതിക വകുപ്പും സംയുക്തമായി വ്യവസ്ഥകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.