രജതശോഭയിൽ അമൃത ആശുപത്രി
Thursday, June 1, 2023 12:54 AM IST
കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രി രജതജൂബിലി നിറവിൽ. നാലിനു വൈകുന്നേരം നാലിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 25ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
കൊച്ചിയിലും കൊല്ലം അമൃതപുരിയിലും ആരംഭിക്കുന്ന അമൃതയുടെ രണ്ട് റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി നിർവഹിക്കും. മന്ത്രി വീണാ ജോർജ് സുവനീർ പ്രകാശനം ചെയ്യും. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കുമെന്ന് മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി പത്രസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വർഷവും നൽകുന്ന 40 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതിക്ക് പുറമേയാണിതെന്ന് അദ്ദേഹം പറഞ്ഞു.
1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തത്. 125 കിടക്കകളുമായാണു തുടക്കം. ഇപ്പോൾ 1,300 കിടക്കകൾ, 58 സ്പെഷാലിറ്റി വിഭാഗങ്ങൾ, 31 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 670 ഫാക്കൽറ്റി അംഗങ്ങൾ, 4500 ജീവനക്കാർ, 24 മണിക്കൂറും ടെലി മെഡിസിൻ സേവനം എന്നിവ ആശുപത്രിയുടെ പ്രത്യേകതകളാണ്. 25 വർഷത്തിനിടെ 1.96 കോടി പേർക്ക് ഇവിടെ ചികിത്സ നൽകി. ഇതിൽ 59.28 ലക്ഷം പേർക്ക് സൗജന്യ ചികിത്സയായിരുന്നു.
ആധുനിക ചികിത്സാരീതികൾ സാധാരണക്കാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യം തുടരുകയാണെന്ന് അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു.
ഡോ. ആർ. കൃഷ്ണകുമാർ, ഡോ. പ്രിയ നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.