വാദ്യകലാകാരൻ ശങ്കരന്‍കുട്ടി മാരാര്‍ ഇനി ഓർമ
Thursday, June 1, 2023 1:48 AM IST
പയ്യന്നൂർ: വാദ്യകലയെ ജനകീയവത്കരിച്ച കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍ (72) അന്തരിച്ചു.
വാദ്യകലയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ശങ്കരൻകുട്ടി മാരാരുടേത്.
പട്ടിണിയും ദാരിദ്ര്യവും മൂലം കടന്നപ്പള്ളി യുപി സ്കൂളിലെ ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് പിതാവ് ശങ്കരമാരാറില്നിന്നു വാദ്യമേളങ്ങളുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ശേഷം കടന്നപ്പള്ളി വെള്ളാലങ്ങര ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
അരനൂറ്റാണ്ടിലധികമായി മേളപ്പെരുമയുടെ ആസ്വാദ്യത ലോകംമുഴുവന്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെ കൂട്ടിനു കിട്ടിയപ്പോള്‍ വാദ്യലോകത്ത് ഇദ്ദേഹം പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു. പാരീസ്, ലണ്ടന്‍, ബ്രസീല്‍, മൊറോക്കോ, സിംഗപ്പൂര്‍ തുടങ്ങി 14 വിദേശരാജ്യങ്ങളില്‍ ഇദ്ദേഹം വാദ്യകലയുടെ പെരുമ തീര്‍ത്തു.
വരേണ്യ വര്‍ഗത്തിനു മാത്രം പ്രാപ്തമായ ക്ഷേത്രകലകള്‍ സമൂഹത്തിലെ കീഴ്ജാതിക്കാരെക്കൂടി അഭ്യസിപ്പിച്ചതിലൂടെ സമുദായത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. എങ്കിലും അതിനെയെല്ലാം അവഗണിച്ച് അദ്ദേഹം തന്റെ കഴിവുകള്‍ പിന്മുറകളിലേക്കു പകര്ന്നുനല്കി. ഗുരുവായൂര്‍ ദേവസ്വം നാലുതവണ ശങ്കരന്‍കുട്ടിയെ ആദരിച്ചു. കൊട്ടിയൂര്‍ ദേവസ്വം ‘ഓച്ചര്‍’ ബഹുമതി നല്‍കിയാണ് ആദരിച്ചത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടുംപുറത്തുനിന്ന് വാദ്യരത്നം ബഹുമതി നല്കി അദ്ദേഹത്തെ ആദരിച്ചു.
ഭാര്യ: പുളിയാമ്പള്ളി വിജയലക്ഷ്മി മാരസ്യാര്‍. മക്കള്‍: ശ്രീലത (തിരുവില്വാമല), സ്മിത (അസി.എഡ്യു ഓഫീസ് തളിപ്പറമ്പ്), ശ്രീവിദ്യ(ചെങ്ങല്‍). മരുമക്കള്‍: ശശികുമാര്‍ (റിട്ട.ആര്‍മി, റിട്ട.ഫിഷറീസ് വകുപ്പ്), കോട്ടക്കല്‍ രമേശന് (പറശിനി മഠപ്പുര മുത്തപ്പന് ക്ഷേത്രം), സുരേന്ദ്രന് (ബഹറിന്‍ ).