പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്: മുൻ പ്രസിഡന്റ് റിമാൻഡിൽ, സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി
Friday, June 2, 2023 1:07 AM IST
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാം റിമാൻഡിൽ. ബുധനാഴ്ച രാത്രി റിമാൻഡിലായ ബാങ്ക് മുൻ സെക്രട്ടറി കെ.ടി. രമാദേവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഏബ്രഹാമിനെ മാനന്തവാടി ജില്ലാ ജയിലിലേക്കാണ് സുൽത്താൻ ബത്തേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡ് ചെയ്തത്. ഇതേ കോടതിയാണു രമാദേവിയുടെ ജാമ്യാപേക്ഷ തള്ളിയത്.
രണ്ടു കേസുകളിലാണ് ഏബ്രഹാമിന്റെ അറസ്റ്റ്. പുൽപ്പള്ളിയിലെ ഡാനിയേൽ-സാറാക്കുട്ടി ദന്പതികളുടെ പരാതിയിൽ 2022 ഒക്ടോബറിൽ രജിസ്റ്റർ ചെയ്തതാണ് കേസുകളിലൊന്ന്. കേളക്കവല ചെന്പകമൂലയിലെ കർഷകൻ കിഴക്കേഇടയിലത്ത് രാജേന്ദ്രൻ നായർ(55)ജീവനൊടുക്കിയ കേസിൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാപ്രേരണക്കേസാണു രണ്ടാമത്തേത്. രാജേന്ദ്രൻ നായരുടെ മകന്റെ പരാതിയിലാണു കേസെടുത്തത്.
ഡാനിയേൽ-സാറാക്കുട്ടി ദന്പതികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രമാദേവിക്കെതിരേ നടപടി. ഇവരുടെ പേരിൽ ആത്മഹത്യാ പ്രേരണയ്ക്കു കേസെടുത്തിട്ടില്ല. ചൊവ്വാഴ്ച അർധരാത്രിയോടെ വീട്ടിൽനിന്നാണ് ഏബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.