കണ്ണൂർ നഗരമധ്യത്തിൽ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ
Tuesday, June 6, 2023 12:38 AM IST
കണ്ണൂർ: നഗരമധ്യത്തിൽ കവർച്ചക്കാരുടെ വെട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കേത്ത് ജിന്റോ (40) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ്ചെയ്തു.
കുറ്റ്യാടി കക്കാട്ടേരി പാതിരപ്പട്ട സ്വദേശി കിളിയാറ്റെമ്മിൽ വീട്ടിൽ പി. അൽതാഫ് (36), വേറ്റുമ്മൽ സ്വദേശി രയരോത്ത് ഹൗസിൽ കെ. ഷബീർ (36) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷന്റെ കിഴക്കെ കവാടത്തിനു മുന്നിൽനിന്നു പോലീസ് പരേഡ് ഗ്രൗണ്ടിനോട് ചേർന്ന് കോർപറേഷൻ ഓഫീസ് ഭാഗത്തേക്ക് പോകുന്ന നടപ്പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽനടയാത്രികരാണ് കാലിനു വെട്ടേറ്റ നിലയിൽ യുവാവ് വീണുകിടക്കുന്ന വിവരം പോലീസിലറിയിച്ചത്.
പോലീസ് എത്തി ഉടൻ ജിന്റോയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കണ്ണൂരിലേക്ക് ലോഡുമായി എത്തിയ ജിന്റോയുടെ ലോറി സമീപത്തെ യുദ്ധസ്മാരകത്തിനു സമീപം നിർത്തിയിട്ട നിലയിലും കണ്ടെത്തി. ലോറിക്കു സമീപം നിറയെ ചോരപ്പാടുകളായിരുന്നു.
ലോറിയിൽ ഉറങ്ങിക്കിടന്ന ജിന്റോയെ കവർച്ചാസംഘം ആക്രമിച്ചപ്പോൾ ചെറുത്തുനില്പിനിടെ സംഘം വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വടക്കേത്ത് ദേവസ്യ-ഗ്രേസി ദന്പതികളുടെ മകനാണ് ജിന്റോ.സംസ്കാരം ഇന്ന് രാവിലെ 11ന് പൂളക്കുറ്റി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലിഡിയ. മകൻ: ഡേവിസ്. സഹോദരങ്ങൾ: ബിന്റോ, ബിജി, ജിജി. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ സ്വദേശമായ പൂളക്കുറ്റിയിലെ വീട്ടിലെത്തിച്ചു.