നിപ : ഉറവിടം കണ്ടെത്താനായില്ല
Wednesday, September 20, 2023 12:31 AM IST
കോഴിക്കോട്: മുൻ വർഷങ്ങളിലും ഇപ്പോഴും കേരളത്തിൽ പടർന്നത് ഒരേ ഇനത്തിൽപ്പെട്ട നിപ വൈറസാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയെങ്കിലും രോഗത്തിന്റെ തുടക്കം എവിടെ നിന്നാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല.
2018, 2019, 2021 വർഷങ്ങളിലും നിലവിലും ഉണ്ടായ രോഗബാധയെക്കുറിച്ച് ഇന്ത്യൻ കൗണ്സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ), പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് (എൻഐവി) എന്നിവയിലെ വിദഗ്ധ സംഘം പഠിച്ചതിൽനിന്ന് ഒരേ ഇനത്തിൽപ്പെട്ട വൈറസാണ് രോഗകാരണമെന്ന് വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന നിപ അവലോകന യോഗത്തിലാണ് കേന്ദ്ര സംഘങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറസിന് ജനിതക മാറ്റമുണ്ടായിട്ടില്ല. 99.7 ശതമാനമാണ് വൈറസിന്റെ സാമ്യം.
2018, 2019, 2021 വർഷങ്ങളിൽ രോഗബാധയുണ്ടായ സമയത്ത് മനുഷ്യരിലും വവ്വാലുകളിലും കാണപ്പെട്ട വൈറസ് ഒരേ ഇനത്തിൽപ്പെട്ടതാണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് രോഗവാഹകർ വവ്വാലുകളാണെന്ന നിഗമനത്തിൽ അധികൃതർ എത്തിയത്. ഇതേ ഇനത്തിൽപ്പെട്ട വൈറസിനെ തന്നെയാണ് ഇപ്പോൾ മനുഷ്യ സാന്പിളുകളിലും കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ, ഇത്തവണ രോഗവാഹകർ വവ്വാലുകളാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ താമസ സ്ഥലത്തിനടുത്തുനിന്നു ശേഖരിച്ച 36 വവ്വാലുകളുടെ സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായതാണ് കാരണം.
വൈറസ് വ്യാപനത്തിന്റെ കാരണം പഠിക്കാൻ പൂനെ എൻഐവി രോഗബാധയുണ്ടായ മറ്റ് സ്ഥലങ്ങളിൽനിന്നും വവ്വാലുകളുടെ കൂടുതൽ സാന്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ആദ്യരോഗിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് പരിശോധിച്ചുവരുകയാണ്.
ഐസിഎംആർ ലാബിലെ വിദഗ്ധരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിൽ പരിശോധന നടത്തിവരികയാണ്. കാട്ടുപന്നികൾ ചത്തതിന്റെ സാന്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് കേന്ദ്രസംഘം അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപ പരിശോധനയിൽ ഇന്നലെയും പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. ഇന്നലെ ലഭിച്ച 49 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സന്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവാണ്. ആദ്യത്തെ രോഗിയുടെ ഹൈറിസ്ക് സന്പർക്കത്തിൽപ്പെട്ട 281 പേരുടെ ഐസോലേഷൻ പൂർത്തിയായി. നിലവിൽ 11 പേരാണ് ഐസോലേഷനിലുള്ളത്.
ചികിത്സയിലുള്ള മൂന്നു രോഗികളുടെയും നില തൃപ്തികരമാണ്. ചികിത്സയിലുള്ള ഒന്പതുവയസുകാരന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്.
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനാൽ കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭാ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി തുടരുകയാണ്.