ഭാഗ്യവാന്മാർ എത്തി; ബംപർ സമ്മാനം നേടിയ തമിഴ്നാട് സ്വദേശികൾ ടിക്കറ്റ് ഹാജരാക്കി
Friday, September 22, 2023 7:08 AM IST
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയത് തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ നാലുപേർ. തിരുപ്പൂർ സ്വദേശിയായ സ്വാമിനാഥൻ ഉൾപ്പെടെയുള്ള നാലു സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇവർ നാലു പേരും ചേർന്ന് 25 കോടിയുടെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തിരുവന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ ഹാജരാക്കി.
ഒന്നാം സമ്മാനത്തിന് അർഹമായത് തങ്ങൾ എടുത്ത ടിക്കറ്റിനാണെന്നു മനസിലാക്കിയ നാലുപേരും ചേർന്ന് ടാക്സി വിളിച്ച് ഇന്നലെ തിരുവനന്തപുരത്തെത്തുകയായിരുന്നു. വഞ്ചിയൂരിലെ നോട്ടറിയെ കണ്ട് രേഖകൾ അറ്റസ്റ്റ് ചെയ്തു വാങ്ങിയശേഷം ലോട്ടറി ഡയറക്ടറേറ്റിൽ എത്തി സമ്മാനാർഹമായ ലോട്ടറി കൈമാറി. നാലു പേർക്കും തുക തുല്യമായി വീതിച്ചു നൽകണമെന്നാണ് ആവശ്യം. ഇതേത്തുടർന്ന് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ നിർദേശം നൽകി. ജോയിന്റ് അക്കൗണ്ടിൽ പണം കൈമാറും. പണം നാല് തുല്യഗഡുക്കളായി വീതിച്ചു നൽകുന്നത് ബാങ്കാകും. ഇവരിൽ സ്വാമിനാഥന്റെ പേര് മാത്രമാണു വെളിപ്പെടുത്തിയത്.
പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ബന്ധുവിനെ കാണാൻ ആശുപത്രിയിൽ എത്തി മടങ്ങും വഴി വാളയാറിൽ വച്ച് ഇവർ തിരുവോണം ബംപറിന്റെ മൂന്നു ലോട്ടറി ടിക്കറ്റ് എടുത്തു. ഇതിൽ ടിഇ- 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.