ജനറേറ്റീവ് നിർമിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോണ്‍ക്ലേവ് തിരുവനന്തപുരത്ത്
Thursday, September 28, 2023 6:15 AM IST
തിരുവനന്തപുരം: നിർമിതബുദ്ധി (എഐ)യും വിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോണ്‍ക്ലേവ് ഈ മാസം 30 മുതൽ തിരുവനന്തപുരത്ത് നടത്തും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐഎച്ച്ആർഡി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ഒക്ടോബർ ഒന്നിന് സമാപിക്കും.
തിരുവനന്തപുരം ഐഎംജിയിൽ നടക്കുന്ന കോണ്‍ക്ലേവിൽ വിദ്യാഭ്യാസ, സാങ്കേതിക, നയരൂപീകരണ, വ്യവസായ, വാണിജ്യ മേഖലകളിലെ ഉന്നത വ്യക്തികൾ പങ്കെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. നിർമിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റങ്ങളെയും അതിന്റെ പരിണതഫലങ്ങളെയും കുറിച്ച് കോണ്‍ക്ലേവ് ചർച്ചചെയ്യും.
രജിസ്ട്രേഷൻ വഴി ഓണ്‍ലൈനായും 150 പേർക്ക് നേരിട്ടും പങ്കെടുക്കാവുന്ന വിധത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. അധ്യാപകർ, വിദ്യാർഥികൾ, വ്യവസായികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങി വ്യത്യസ്ത ശ്രേണിയിലുള്ളവരെ ഒരേ വേദിയിൽ അണിനിരത്താനും, നിർമിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന പരിവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകാനും ഈ വിഷയങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കാനും കോണ്‍ക്ലേവ് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.കോണ്‍ക്ലേവ് സംബന്ധിച്ച വിശദവിവരങ്ങൾ https://icgaife.ihrd.ac.in വെബ് സൈറ്റിൽ ലഭിക്കും.