എസ്ഐ ട്രെയിനി സെലക്ഷന്: ഉദ്യോഗാർഥികളുടെ ഹര്‍ജി കെഎടി നാലാഴ്ചയ്ക്കകം തീര്‍പ്പാക്കണം
Thursday, September 28, 2023 6:15 AM IST
കൊച്ചി: പോലീസ് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി സെലക്ഷനുവേണ്ടി പിഎസ്സി സ്വീകരിച്ച നടപടികള്‍ക്കെതിരേ ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹര്‍ജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) നാലാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
എസ്ഐ സെലക്ഷന് കെഎടിയിലുള്ള ഹര്‍ജിയിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കെഎടിയില്‍ ഹര്‍ജി നിലനില്‍ക്കെ സെലക്ഷന് നടപടികള്‍ പൂര്‍ത്തിയാകുന്നതു ചൂണ്ടിക്കാട്ടി ആലുവ സ്വദേശി വിമല്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
എസ്ഐ സെലക്ഷനുവേണ്ടി പിഎസ്സി 2019 ഡിസംബര്‍ 30 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പിന്നീട് ഒരു ലക്ഷത്തിലധികം വരുന്ന അപേക്ഷകരില്‍നിന്ന് പ്രാഥമിക പരീക്ഷ നടത്തി 6,336 പേരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് 2022 നവംബര്‍ 22 ന് മെയിന്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചു. ഇതിനെതിരേയാണ് വിമല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ കെഎടിയില്‍ ഹര്‍ജി നല്‍കിയത്.
പ്രാഥമിക പരീക്ഷ നടത്തിയതു വിജ്ഞാപന പ്രകാരമല്ലെന്ന് ആരോപിച്ചാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. സെലക്ഷന് നടപടികള്‍ കെഎടി സ്റ്റേ ചെയ്തെങ്കിലും പിഎസ്സി ഇതിനെതിരേ നല്കിയ അപ്പീലില്‍ ഹൈക്കോടതി കഴിഞ്ഞ നവംബര്‍ 18 ന് സ്റ്റേ നീക്കി.
കെഎടിയിലെ ഹര്‍ജി മൂന്നു മാസത്തിനകം തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി സെലക്ഷന് നടപടി കെഎടിയിലുള്ള ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ കെഎടിയിലെ ഹര്‍ജി തീര്‍പ്പായില്ല. സെലക്ഷന് നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നു കാണിച്ച് സ്റ്റേ ആവശ്യപ്പെട്ട് വിമല്‍ വീണ്ടും കെഎടിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.