ഫ്ലാറ്റിനു തീവച്ച് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ
Thursday, September 28, 2023 6:27 AM IST
പത്തനംതിട്ട: ലഹരിക്ക് അടിമയായ മകൻ വയോധികയായ അമ്മയെ തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിൽ. പത്തനംതിട്ട - ഓമല്ലൂർ റൂട്ടിൽ പുത്തൻപീടിക ശ്രീഭദ്രാ കോംപ്ളക്സിലെ ഫ്ളാറ്റിൽ താമസിക്കുന്ന ജോസഫ് ആന്റണി- ഓമന ദമ്പതികളുടെ മകൻ ജൂബിനെയാണ് (40) പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
മകന്റെ നിരന്തര പീഡനത്തിൽ വശംകെട്ട പിതാവ് പരാതിയുമായി ഇന്നലെ രാവിലെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കു പോയപ്പോഴാണ് സംഭവം. മാതാവ് മാത്രമായിരുന്നു വീട്ടിൽ. ഇവർക്കു നേരിയ തോതിൽ പൊള്ളലേറ്റു.
അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും സമയോചിത ഇടപെടലിൽ മാതാവ് രക്ഷപ്പെട്ടു. ഭക്ഷണ സമയം വൈകിയതാണ് മകനെ പ്രകോപിപ്പിച്ചതെന്നു പറയുന്നു.
എറണാകുളം കളമശേരിയിൽ താമസമാക്കിയ ജൂബിൻ മൂന്ന് ദിവസം മുമ്പാണ് ഫ്ലാറ്റിലെത്തിയത്. കഞ്ചാവിനും മദ്യത്തിനും അടിമയായ ഇയാൾ വന്ന ദിവസം മുതൽ മാതാപിതാക്കളുമായി വഴക്കും ബഹളവുമായിരുന്നുവെന്ന് പറയുന്നു. ഇതുസംബന്ധിച്ച പരാതി നൽകാനായി ജോസഫ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോഴാണ് ജൂബിൻ, മാതാവ് ഓമന കിടന്ന കിടക്കയിൽ തീയിട്ടത്.
ഇതിൽനിന്ന് തീ ആളിപടർന്ന് ഹാളിൽ കിടന്ന തയ്യൽ മെഷീൻ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം ജൂബിനെ അറസ്റ്റു ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.