റെയിൽവേ ടൈംടേബിൾ മാറുന്നു; അനന്തപുരി ഇനി സൂപ്പർ ഫാസ്റ്റ്
എസ്.ആർ. സുധീർ കുമാർ
Thursday, September 28, 2023 6:27 AM IST
കൊല്ലം: അടുത്ത മാസം ഒന്നു മുതൽ റെയിൽവേ ടൈംടേബിളിൽ മാറ്റം വരുത്തുന്നു. ഇതിനു മുന്നോടിയായി ചില ട്രെയിനുകളുടെ മാറ്റം റെയിൽവേ ബോർഡ് തീരുമാനിച്ചു കഴിഞ്ഞു. ചെന്നൈ എഗ്മോർ - കൊല്ലം അനന്തപുരി എക്സ്പ്രസ് ഒക്ടോബർ ഒന്നു മുതൽ സൂപ്പർ ഫാസ്റ്റായി ഉയർത്തുകയാണ്. വേഗവും വർധിപ്പിച്ചു.നിലവിൽ 16823- 16824 എന്നിവയാണ് നമ്പരുകൾ. ഒക്ടോബർ മുതൽ 20635-20636 എന്നിങ്ങനെയാണ് നമ്പരിലെ മാറ്റം.
ചെന്നൈയിൽനിന്നു രാത്രി 7.50ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 11.05ന് കൊല്ലത്ത് എത്തും. കൊല്ലത്ത് നിന്ന് തിരികെ ഉച്ചകഴിഞ്ഞ് 2.50ന് തിരിച്ച് അടുത്ത ദിവസം രാവിലെ 6.05 ന് ചെന്നൈ എഗ്മോറിൽ എത്തുന്നതാണ് പുതിയ സമയക്രമം.
ഒക്ടോബർ രണ്ട് മുതൽ എറണാകുളം - ബറൂണി - എറണാകുളം രപ്തിസാഗർ എക്സ്പ്രസുകളിൽ നിന്ന് ഒരു സ്ലീപ്പർ കോച്ച് ഒഴിവാക്കാനും തീരുമാനിച്ചു. പകരം ഒരു ഏസി ത്രീടയർ ഇക്കണോമി കോച്ച് ഉൾപ്പെടുത്തുമെന്നാണ് അറിയിപ്പ്. ഒക്ടോബർ എട്ടു മുതൽ മധുര - പുനലൂർ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിനിൽ തിരുവനന്തപുരത്തിനും പുനലൂരിനും മധ്യേ രണ്ട് കോച്ചുകളിൽ ഡീ റിസർവ്ഡ് സൗകര്യം ഏർപ്പെടുത്തും. എസ് - ആറ്, എസ് -ഏഴ് എന്നിവയാണ് കോച്ചുകൾ. അന്നു മുതൽ തന്നെ ചെന്നൈ എഗ്മോർ - തിരുപ്പതി എക്സ്പ്രസിൽ മൂന്ന് ഡീറിസർവ്ഡ് കോച്ചുകളും ഉണ്ടാകും. എസ് - ഒമ്പത് മുതൽ 11 വരെയാണ് കോച്ചുകൾ. ഒക്ടോബർ ഒന്നു മുതൽ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസിൽ എസ് - പത്ത് കോച്ച് തിരുനെൽവേലിക്കും നാഗർകോവിലിനും മധ്യേ ഡീ റിസർവ്ഡ് ആയിരിക്കും.
ആലപ്പുഴ വഴി സർവീസ് ആരംഭിച്ച തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയ ക്രമത്തിൽ നേരിയ മാറ്റം വരുത്തിയേക്കുമെന്നും റെയിൽവേ വൃത്തങ്ങൾ സൂചന നൽകി. പുതിയ വന്ദേ ഭാരത് കടത്തി വിടുന്നതിനായി നിർത്തിയിടുന്ന വണ്ടികളിൽ ജനശതാബ്ദി, ഏറനാട് എക്സ്പ്രസുകളും കൊച്ചുവേളിയിൽ നിന്നുള്ള ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടും.