സിപിഎം സഹകരണ മേഖലയുടെ അന്തകരാകുന്നു: കെ. സുരേന്ദ്രൻ
Thursday, September 28, 2023 6:46 AM IST
തിരുവനന്തപുരം: സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകരാവുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സഹകരണ മേഖലയെ തകർക്കുന്നതിൽ ഒന്നാം നന്പർ ഉത്തരവാദി മുഖ്യമന്ത്രിയാണ്. കരകയറാനാവാത്ത പതനത്തിലേക്കു പിണറായി വിജയനാണു സഹകരണ മേഖലയെ എത്തിച്ചത്. സാധാരണക്കാർ സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.
സഹകരണ ബാങ്കുകൾക്കു പൊതു സോഫ്റ്റ്വേർ വേണമെന്ന കേന്ദ്രനിർദേശം അനുസരിക്കാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാനും കേരളം തയാറായില്ല. ഇതാണു സംസ്ഥാനത്തെ സഹകരണമേഖല അഴിമതിയുടെ കൂത്തരങ്ങാവാൻ വഴിവച്ചത്.
ബിജെപി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്നുവെന്നതു ബാലിശമാണ്. നോട്ടുനിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു.
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണസമയത്തു നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ പണമാണ് കരുവന്നൂരിൽ ഉൾപ്പെടെ കുമിഞ്ഞുകൂടിയത്. നായ സതീശൻ വട്ടിപ്പലിശയ്ക്ക് കൊടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.