വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി കെ.ജി. ജോര്‍ജിന്റെ മകൾ
Thursday, September 28, 2023 6:46 AM IST
കൊച്ചി: സംവിധായകന് കെ.ജി. ജോര്‍ജിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിനു നേരേ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മകള്‍ താര. ഏജ്ഡ് കെയര്‍ സെന്ററില്‍ താമസിക്കുകയെന്നത് ഡാഡിയുടെ തീരുമാനമായിരുന്നുവെന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ താര പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമകള്‍ പോലെതന്നെ അദ്ദേഹവും പുരോഗമനവാദിയായിരുന്നു. വയസുകാലത്ത് കുടുംബത്തിന് ഭാരമാകില്ല എന്നു പറഞ്ഞാണ് ഇത്തരം തീരുമാനത്തിലേക്ക് എത്തിയത്. മൃതദേഹം ദഹിപ്പിച്ചതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുകയാണു തങ്ങള്‍ ചെയ്തതെന്നും താര പറഞ്ഞു.
സിനിമ നിര്‍ത്തിയതോടെ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന് ഏറെ വേദനയോടെ ഡാഡി പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെ ഒറ്റയ്ക്കിരുന്ന് ഡിപ്രസ്ഡായി.
ഹോം നഴ്സിനെ നിര്‍ത്താന്‍ നോക്കിയെങ്കിലും അതു നടന്നില്ല. പിന്നീടാണ് ഏജ്ഡ് കെയര്‍ സെന്ററില്‍ പോയത്. ഇവിടെ വന്നതോടെ ഡാഡിയുടെ ആരോഗ്യം ശരിയായെന്നും താര പറഞ്ഞു. വയസുകാലത്ത് കെ.ജി. ജോര്‍ജിനെ സംരക്ഷിക്കാതെ വൃദ്ധസദനത്തിലാക്കി എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.