കെഎസ്ഇബിക്ക് വൈദ്യുതി നല്കുന്നതു തടയരുതെന്ന് ഹൈക്കോടതി
Thursday, September 28, 2023 6:46 AM IST
കൊച്ചി: അടിയന്തരഘട്ടത്തില്‍ വാങ്ങിയ വൈദ്യുതിയുടെ തുക നല്‍കാത്തതിന്റെ പേരില്‍ കെഎസ്ഇബിക്ക് വൈദ്യുതി നല്കുന്നതു തടയരുതെന്ന് നാഷണല്‍ ലോഡ് ഡെസ്പാച്ച് സെന്ററിനും സതേണ്‍ റീജണല്‍ ലോഡ് ഡെസ്പാച്ച് സെന്ററിനും ഹൈക്കോടതി നിര്‍ദേശം നല്കി.
ജാബുവ പവര്‍, ജിന്‍ഡാല്‍ പവര്‍, ജിന്‍ഡാല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ എന്നിവയ്ക്കു നല്‍കാനുള്ള തുകയുടെ പേരില്‍ വൈദ്യുതി നല്‍കുന്നത് തടയരുതെന്നാവശ്യപ്പെട്ട് കെഎസ്ഇബി നല്കിയ ഹര്‍ജിയിൽ ജസ്റ്റീസ് സതീഷ് നൈനാനാണ് ഉത്തരവ് നല്‍കിയത്.
വൈദ്യുതി കരാറിന്റെ അനുമതി സംബന്ധിച്ചു കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിനെതിരേ നല്കിയ അപ്പീലില്‍ ഇലക്ട്രിസിറ്റി അപ്പലറ്റ് ട്രൈബ്യൂണല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ വൈദ്യുതി നല്‍കുന്നത് തടയരുതെന്നാണ് നിര്‍ദേശം. ഇലക്ട്രിസിറ്റി അപ്പലറ്റ് ട്രൈബ്യൂണലിന്റെയും കേരള ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെയും അനുമതിയില്ലാത്തിനാലാണ് ജാബുവ പവര്‍, ജിന്‍ഡാല്‍ പവര്‍, ജിന്‍ഡാല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ എന്നിവയ്ക്കു തുക നല്‍കാത്തതെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.