കോവിഡ് വാക്സിന്റെ പാര്‍ശ്വഫല ഗവേഷണത്തില്‍ പരാജയം: പ്രശാന്ത് ഭൂഷണ്
Friday, September 29, 2023 3:07 AM IST
കൊച്ചി: കോവിഡ് വാക്സിനെടുത്തവരിലെ മരണനിരക്ക് ഉയര്‍ന്നതും ഹൃദ്രോഗവും ശ്വാസകോശ രോഗവും വര്‍ധിച്ചതും സംബന്ധിച്ച് പഠന-ഗവേഷണങ്ങള്‍ നടത്തുന്നതില്‍ ഇന്ത്യയ്ക്കു പരാജയം നേരിട്ടതായി സുപ്രീംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്.
എറണാകുളം ടൗണ്‍ ഹാളില്‍ നേച്ചര്‍ ലൈഫിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് വാക്സിനെടുത്തവരുടെ മരണനിരക്ക് കഴിഞ്ഞ പത്തു വര്‍ഷത്തേതിനേക്കാള്‍ പത്തു ശതമാനം അധികമാണ്. യഥാര്‍ഥ പഠനവും പരീക്ഷണവും ഫലങ്ങളും നടത്താതെ അടിച്ചേൽപ്പിച്ച വാക്സിനുകള്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കി.
അമേരിക്കന്‍ ലാബുകളില്‍ വികസിപ്പിച്ചെടുത്ത് ചൈനയിലെ വുഹാനിലേക്കു കയറ്റി അയച്ച് നിര്‍മിച്ചെടുത്തതാണ് കോവിഡ്. നിപ വൈറസ് ലാബുകളില്‍നിന്ന് ചോര്ന്നുപടരുന്ന വൈറസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ.ജേക്കബ് വടക്കുംചേരി അധ്യക്ഷത വഹിച്ചു. യോഗാചാര്യ സജീവ് പഞ്ചകൈലാസി, കെ.വി. സുഗതന് തുടങ്ങിയവര്‍ പ്രസംഗിച്ചു.