വയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം
Friday, September 29, 2023 3:07 AM IST
മാനന്തവാടി: വയനാട് തലപ്പുഴ കന്പമല തേയിലത്തോട്ടത്തിലെ കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) ഡിവിഷണൽ മാനേജരുടെ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ചുതകർത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. കംപ്യൂട്ടറുകളും മേശകളും ജനൽച്ചില്ലുകളും സംഘം തകർത്തു.
20 മിനിറ്റോളം ഡിവിഷണൽ മാനേജരുമായി സംസാരിച്ച സംഘം ഓഫീസ് കെട്ടിടത്തിന്റെ പുറംചുമരിൽ മലയാളത്തിലും തമിഴിലും എഴുതിയ പോസ്റ്ററുകൾ പതിച്ചു. ഓഫീസ് ജീവനക്കാരിൽ ഒരാളുടെ ഫോണ് ഉപയോഗിച്ച് ഏതാനും മാധ്യമപ്രവർത്തകർക്കു വാട്സ് ആപ്പിലൂടെ പോസ്റ്ററുകളുടെയും മറ്റും ചിത്രങ്ങൾ അയച്ചു. ഒരു മണിയോടെയാണ് സംഘം കന്പമലയിൽനിന്നു മടങ്ങിയത്. കനത്ത മഴയ്ക്കിടെ പ്ലാസ്റ്റിക് ഷീറ്റ് ധരിച്ചാണ്അഞ്ചംഗ സംഘം ഓഫീസിൽ എത്തിയത്.
തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുക, പാർപ്പിടങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണു പോസ്റ്ററുകളിൽ. വർഷങ്ങൾ മുൻപ് ശ്രീലങ്കയിൽനിന്നെത്തിയ തമിഴ് അഭയാർഥികളുടെ പുനരധിവാസത്തിന് ആരംഭിച്ചതാണു കന്പമല തേയിലത്തോട്ടം. ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ നേതൃത്വത്തിൽ പോലീസ് കന്പമലയിൽ പരിശോധന നടത്തി.
മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓഫീസിലും പരിസരങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. 2021ലും മാവോയിസ്റ്റ് സംഘം കന്പമലയിൽ എത്തിയിരുന്നു.