അന്നനാളത്തിലെ അപൂര്‍വരോഗത്തിന് തേഡ് സ്പേസ് എന്ഡോസ്കോപ്പിയുമായി രാജഗിരി
Wednesday, October 4, 2023 1:36 AM IST
കൊച്ചി: അന്നനാളത്തിലുണ്ടാകുന്ന അപൂര്‍വരോഗമായ സെങ്കേഴ്സ് ഡൈവര്ട്ടികുലത്തിന് (തൊണ്ടയുടെ താഴെയുളള ഭാഗവും അന്നനാളത്തിന്റെ മുകള്‍ ഭാഗവും കൂടിച്ചേരുന്നിടത്ത് ഒരു സഞ്ചി പോലെ രൂപം കൊള്ളുന്ന അവസ്ഥ).
തേഡ് സ്പേസ് എന്‍ഡോസ്കോപ്പി ചികിത്സാരീതിയുമായി ആലുവ രാജഗിരി ആശുപത്രി. രാജഗിരി സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഗാസ്ട്രോ ഇന്റര്‍സ്റ്റൈനല്‍ സയന്‍സില്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ കീഴിലാണ് പുതിയ ചികിത്സാരീതിക്ക് തുടക്കം കുറിച്ചത്.
തൊണ്ടയ്ക്കും അന്നനാളത്തിനും ഇടയിലുള്ള പേശി അമിതമായി മുറുകുമ്പോഴാണ് സെങ്കേഴ്സ് ഡൈവര്ട്ടികുലം രൂപപ്പെടുന്നത്. ഇങ്ങനെ രൂപപ്പെടുന്ന സഞ്ചിയില്‍ ഭക്ഷണം കുടുങ്ങാന്‍ ഇടയാകും. ഇതിന്റെ ഫലമായി വിഴുങ്ങുന്നതിനും ശ്വാസം എടുക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുകയും പകുതി ദഹിച്ച ഭക്ഷണം പുറത്തേക്ക് തികട്ടിവരികയും ചെയ്യുന്നു. ചുമ, ദഹനപ്രശ്നങ്ങള്‍, ശരീരഭാരക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു. ബേരിയം എക്സ്റേ, എന്‍ഡോസ്കോപ്പി പരിശോധനകള്‍ വഴിയാണ് ഈ രോഗം ശാസ്ത്രീയമായി കണ്ടുപിടിക്കുന്നത്.
ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. റിസ്വാന് അഹമ്മദ്, ഡോ. രാകേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍ഡോസ്കോപ്പിക് നടപടിക്രമം പൂര്‍ത്തിയാക്കിയത്. ജനറല്‍ അനസ്തേഷ്യ നല്കി ഡോ. സച്ചിന്, ഡോ. ഹോര്‍മിസ് എന്നിവര്‍ പങ്കാളികളായി.
ശരീരത്തില്‍ പാടുകള്‍ ഒഴിവാക്കാന്‍ ഇലക്ട്രോ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു തേഡ് സ്പേസ് എന്‍ഡോസ്കോപ്പിയുടെ തന്നെ പരിഷ്കരിച്ച ഈ പുതിയ ചികിത്സാരീതി. ചുരുങ്ങിയ സമയം മാത്രം നീളുന്ന ചികിത്സരീതിയിലൂടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ വളരെ വേഗം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞുവെന്ന് രാജഗിരി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. റിസ്വാന് അഹമ്മദ് പറഞ്ഞു.