പെയ്തു തോരാതെ കാലവർഷം; തുലാവർഷം അടുത്ത ആഴ്ചയോടെ
Thursday, October 5, 2023 2:13 AM IST
തിരുവനന്തപുരം: അടുത്ത ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് തുലാവർഷം പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
സെപ്റ്റംബർ 30 ഓടെ കാലവർഷം കാലം അവസാനിച്ചെങ്കിലും ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴയും കാലവർഷത്തിന്റെ ഭാഗമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലവർഷക്കാലത്ത് 34 ശതമാനം മഴക്കുറവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്. ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ 113 ശതമാനം അധിക മഴ കിട്ടിയതായും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ നാലു ദിവസം കിട്ടിയ മഴയും കാലവർഷത്തിന്റെ ഭാഗമായുള്ള മഴ തന്നെയാണെന്നും അടുത്ത ആഴ്ചയോടെ കാലവർഷം പിൻവാങ്ങുമെന്നും പിന്നാലെ തുലാവർഷം സംസ്ഥാനത്തു പെയ്തു തുടങ്ങുമെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ നാലു ദിവസം സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത് 40.2 മില്ലിമീറ്റർ മഴയാണ്.