എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി നിര്‍മിച്ച വീടുകളില്‍ വൈദ്യുതിയും വെള്ളവും ലഭ്യമാക്കണം: ഹൈക്കോടതി
Thursday, October 5, 2023 2:13 AM IST
കൊച്ചി: കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി നിര്‍മിച്ച വീടുകളില്‍ വൈദ്യുതി കണക്ഷനും വെള്ളവും ലഭ്യമാക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്കി.
തങ്ങള്‍ നിര്‍മിച്ചു നല്കിയ വീടുകള്‍ യഥാസമയം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു കൈമാറാത്തതിനാല്‍ ജീര്‍ണാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഈ നിര്‍ദേശം നല്‍കിയത്. ഹര്‍ജി 16നു വീണ്ടും പരിഗണിക്കും.
36 വീടുകളാണ് കൈമാറാനുള്ളത്. ഇവ വൃത്തിയാക്കുന്ന ജോലി ആരംഭിച്ചെന്നും വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 24 ലക്ഷം രൂപ ചെലവുണ്ടെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഇന്നലെയും ഓണ്‍ലൈന്‍ മുഖേന ഹാജരായിരുന്നു. വീടുകള്‍ കൈമാറാനുള്ള നടപടികള്‍ വ്യക്തമാക്കി കളക്ടറും ഹര്‍ജിക്കാരും റിപ്പോര്‍ട്ടുകള്‍ നല്കാന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഈ മാസം 15നകം വീടുകള്‍ കൈമാറണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.