പ്രഫ. സാബു തോമസിന് ക്ലാരിവേറ്റ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
Thursday, October 5, 2023 2:13 AM IST
കോട്ടയം: ഗവേഷണ മേഖലയിലെ മികവിനുള്ള ക്ലാരിവേറ്റ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് എംജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിന്. ഗവേഷണ മേഖലയില്‍ 1980 മുതല്‍ 2022 വരെ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആഗോളതലത്തില്‍ വിഖ്യാതമായ ക്ലാരിവേറ്റ് അനലിറ്റിക്സ് ഇദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
അക്കാദമിക് ഗവേഷണ വിവര ശേഖരണ രംഗത്ത് മുന്‍നിരയിലുള്ള വെബ് ഓഫ് സയന്‍സിലെ വിവരങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെ വിശദമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരുന്നു പുരസ്കാര നിര്‍ണയം.
1400ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങളും 195 പുസ്തകങ്ങളും എഴുതിയിട്ടുള്ള ഇദ്ദേഹത്തിന്റെ എച്ച്.ഇന്‍ഡക്സ്(ഗവേഷണ ഫലത്തിന്റെ തോതും ഗുണനിലവാരവും വിലയിരുത്തുന്ന ഘടകം) 137ഉം സൈറ്റേഷനുകളുടെ എണ്ണം 97,000ലധികവുമാണ്.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ക്ലാരിവേറ്റ് റിസര്‍ച്ച് ആനൻഡ് പാര്‍ട്ട്നര്‍ഷിപ് വിഭാഗം വൈസ് പ്രസിഡന്റ് ഡയന് തോമസ്, ഗ്രേറ്റര്‍ ചൈന ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യ ജനറല്‍ മാനേജര്‍ ഓഷര്‍ ഗിലിന്സ്കി എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു.