ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; രോഗാണുക്കളുടെ പ്രതിരോധശേഷി വർധിച്ചുവെന്ന് റിപ്പോർട്ട്
Thursday, October 5, 2023 2:13 AM IST
ബിനു ജോർജ്
കോഴിക്കോട്: സ്വയം ചികിത്സയും ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും മനുഷ്യശരീരത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുന്ന മാറ്റങ്ങൾ സൃഷ്ടിച്ചുവെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.
കോവിഡ് കാലത്തിനു ശേഷം മനുഷ്യശരീരത്തിൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള അണുക്കളുടെ ശേഷി വർധിച്ചുവെന്നാണു കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കെഎആർഎസ്എപി) പുറത്തു വിട്ട ആന്റിബയോഗ്രാം 2023 റിപ്പോർട്ടിൽ പറയുന്നത്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ അണുക്കൾക്കു ശേഷി നൽകുന്ന ഇഎസ്ബിഎൽ എൻസൈമിന്റെ (എക്സ്റ്റൻഡഡ് സ്പെക്ട്രം ബീറ്റ ലാക്ടമേസ്) ഉത്പാദനം കോവിഡ് കാലത്ത് കൂടിയിട്ടുണ്ടെന്നാണ് കെഎംആർഎസ്എപി കണ്ടെത്തിയിരിക്കുന്നത്.
അസിനെറ്റോബാക്ടർ, ഇ കോളി, ക്ളെബ്സിയെല്ല, സ്യൂഡോമോണസ് തുടങ്ങിയ അണുക്കൾക്ക് ആന്റിബയോട്ടിക് മരുന്നുകളോടുള്ള പ്രതിരോധം 2019 ൽ യഥാക്രമം 33.4%, 53.1%, 27.4%, 26.54% എന്നിങ്ങനെയായിരുന്നു. കോവിഡിനു ശേഷം അണുക്കളുടെ പ്രതിരോധം യഥാക്രമം 67%, 62%, 63%, 28% എന്നിങ്ങനെ വർധിച്ചുവെന്നാണ് കെഎആർഎസ്എപി കണ്ടെത്തിയിരിക്കുന്നത്.
ആന്റിബയോട്ടിക് മരുന്നുകളിൽ 12 ശതമാനം മരുന്നുകളും ഇഞ്ചക്ഷൻ ഉൾപ്പെടുന്ന പേരന്ററൽസ് വിഭാഗത്തിൽപ്പെടുന്നവയും എട്ടു ശതമാനം ഓറൽ ആന്റിബയോട്ടിക്കുകളുമാണ്. ഓറൽ ആന്റിബയോട്ടിക്കുകളിൽ 60 ശതമാനം മുതിർന്നവർക്കുള്ള ചികിത്സയ്ക്കും 40 ശതമാനം ശിശുരോഗ ചികിത്സയ്ക്കും ഉപയോഗിക്കുന്നവയാണ്.
കേരള ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ കണക്കനുസരിച്ച് 2022ൽ സ്വകാര്യ ഫാർമസികൾ മുഖേന വിറ്റഴിച്ച 44 ആന്റിബയോട്ടിക്കുകളുടെ വില്പന വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന് 27 ആന്റിബയോട്ടിക്കുകൾ ലോകാരോഗ്യ സംഘടനയുടെ ‘അവേർ ക്ലാസിഫിക്കേഷൻ ലിസ്റ്റ്’ അനുസരിച്ച് നിയന്ത്രിച്ചു മാത്രം ഉപയോഗിക്കേണ്ട ‘വാച്ച്’ വിഭാഗത്തിൽ പെടുന്നവയാണെന്ന് ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഗുരുതര പ്രത്യാഘാതം: ഡോ. മായാ സുധാകർ
കോഴിക്കോട്: ഡോക്ടറുടെ നിർദേശമില്ലാതെ ചെറിയ ജലദോഷത്തിനു പോലും ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതും അവ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതുമാണു ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ഡോ. മായാ സുധാകർ ചൂണ്ടിക്കാട്ടി.