ജീവപര്യന്തം തടവുകാരന് ഐവിഎഫ് ചികിത്സയ്ക്ക് പരോള്‍
Thursday, October 5, 2023 2:15 AM IST
കൊച്ചി: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശൂര്‍ വടക്കേക്കാട് സ്വദേശി ഉണ്ണിക്ക് കുട്ടിയുണ്ടാകാനുള്ള ഐവിഎഫ് ചികിത്സ നടത്തുന്നതിന് പരോള്‍ അനുവദിക്കാന്‍ ഹൈക്കോടതി ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്കി.
മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐവിഎഫ് ചികിത്സ നടത്താന്‍ ഉണ്ണിക്ക് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്കിയ ഹര്‍ജി അനുവദിച്ച് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്.
ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭരണഘടനാ പ്രകാരമുള്ള എല്ലാ മൗലികാവകാശങ്ങള്‍ക്കും അര്‍ഹതയില്ലെങ്കിലും തങ്ങള്‍ക്കൊരു കുട്ടി വേണമെന്ന ആവശ്യവുമായി ഇയാളുടെ ഭാര്യയാണ് വന്നിരിക്കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. 31 വയസുള്ള ഹര്‍ജിക്കാരിയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് ഈ ആവശ്യം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരസിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സമാനമായ കേസില്‍ രാജസ്ഥാന് ഹൈക്കോടതി തടവുപുള്ളിക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചതും മറ്റൊരു കേസില്‍ പ്രതിയുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഐവിഎഫ് ചികിത്സയ്ക്ക് അവധി അനുവദിച്ചതും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.