മുട്ടില്‍ മരംമുറിക്കേസ്: തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു
Thursday, October 5, 2023 2:15 AM IST
കൊച്ചി: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് സര്‍ക്കാരിന്റെ അനുമതിയില്ലാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ മുറിച്ചുകടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവര്‍ നല്കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.
കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഹര്‍ജിയില്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്. അതേസമയം കുറ്റപത്രം നല്‍കിയശേഷം ഹര്‍ജിക്കാര്‍ക്ക് പുതിയ ഹര്‍ജി നല്കാന് കഴിയുമെന്നും കോടതി വ്യക്തമാക്കി.
2020 നവംബര്‍, ഡിസംബര്‍, 2021 ജനുവരി മാസങ്ങളില്‍ പ്രതികള്‍ എട്ടുകോടി വിലമതിക്കുന്ന 104 ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്.
നിലവില്‍ 12 പ്രതികളാണുള്ളത്. അതേസമയം അനുമതിയില്ലാത മരം മുറിക്കാമെന്ന സര്‍ക്കാരിന്റെ സര്‍ക്കുലറിനെത്തുടര്‍ന്നാണ് മരങ്ങള്‍ മുറിച്ചു നീക്കിയതെന്നും തങ്ങള്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശ്യപരമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.