ട്രെയിനിൽ കളിത്തോക്കു ചൂണ്ടി ഭീഷണി; മലയാളി യുവാക്കൾ പിടിയിൽ
Thursday, October 5, 2023 2:19 AM IST
പാലക്കാട്: പാലക്കാട്- തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കളിത്തോക്കുചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍.
മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24), പാലക്കാട് സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ് (20) എന്നിവരെയാണു കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇവർ കൈവശമുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതില്‍ ബുള്ളറ്റ് നിറയ്ക്കുന്നതു പോലെ കാണിച്ചു. ഇതോടെ ട്രെയിനിലെ യാത്രക്കാർ പരിഭ്രാന്തരായി റെയിൽവേ കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോള്‍ ഇരുപതോളം വരുന്ന ആർപിഎഫ് സംഘം ട്രെയിൻ വളഞ്ഞ് ഇവരെ പിടികൂടി. യുവാക്കൾ പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ കീഴ്പ്പെടുത്തി.
ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല പ്രതികളെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗിക്കുകയാണ്.