എഐ കാമറയിൽ അപകടങ്ങൾ കുറഞ്ഞെന്നു മന്ത്രി; കൂടിയെന്നു പോലീസ്
Thursday, October 5, 2023 2:19 AM IST
റെനീഷ് മാത്യു
കണ്ണൂർ: എഐ കാമറ വച്ചതുകൊണ്ട് 2023 ഓഗസ്റ്റിൽ 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 65 ശതമാനം അപകടം കുറഞ്ഞുവെന്ന ഗതാഗതമന്ത്രിയുടെ വാദം കള്ളമെന്നു കണക്കുകൾ. മന്തിയുടെ ഈ കള്ളക്കണക്കുകൾ കാണിച്ച് സർക്കാർ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു.
കോടതിയിൽ സർക്കാർ പറഞ്ഞ 2022 ഓഗസ്റ്റിലെ കണക്ക് ശരിയാണ്. 3366 അപകടം, 307 മരണം,4040 പരിക്ക്. സർക്കാർ ഹൈക്കോടതിയിൽ കൊടുത്ത 2023 ഓഗസ്റ്റിലെ കണക്ക് ഇങ്ങനെയാണ്: 1065 അപകടം, 58 മരണം, 1197 പരിക്ക്. എന്നാൽ, കേരള പോലീസിന്റെ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട 2023 ഓഗസ്റ്റ് മാസത്തിലെ കണക്ക് ഇങ്ങനെയാണ്: 4006 അപകടം, 353 മരണം, 4560 പരിക്ക്.
ഈ കണക്ക് പ്രകാരം 2022 ഓഗസ്റ്റിലേക്കാളും 2023 ഓഗസ്റ്റിൽ അപകടം, മരണം, പരിക്ക് എന്നിവ കൂടി. കേരള പോലീസിന്റെ കണക്കനുസരിച്ചു 2022 ഓഗസ്റ്റിലേക്കാൾ 19 ശതമാനം അപകടം കാമറ വച്ചതിനു ശേഷം 2023 ഓഗസ്റ്റിൽ കൂടിയെന്നാണ് പറയുന്നത്.
2022 ഓഗസ്റ്റ് മാസത്തേക്കാൾ 2023 ഓഗസ്റ്റിൽ 640 അപകടം കൂടുതൽ ഉണ്ടായി. 46 പേർ കൂടുതലായി മരിച്ചു. 520 പേർക്ക് കൂടുതലായി പരിക്കേറ്റു. എന്നാൽ, ഇതെല്ലാം മറച്ചുവച്ചാണ് സർക്കാർ കോടതിയിൽ സമർപ്പിച്ച കണക്ക്.
726 കാമറ 236 കോടി രൂപ മുടക്കി ചെയ്തിട്ടും അപകടങ്ങൾ കുറയുന്നില്ല. 19 ശതമാനം അപകടം 2022 ഓഗസ്റ്റിനെ അപേക്ഷിച്ചു 2023 ഓഗസ്റ്റിൽ കൂടിയെന്നതാണു യാഥാർഥ്യം.