വൈദ്യുതിവാങ്ങൽ കരാർ: പുനഃപരിശോധിക്കാൻ റെഗുലേറ്ററി കമ്മീഷന് മന്ത്രിസഭാ നിർദേശം
Thursday, October 5, 2023 2:38 AM IST
തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ നാലു ദീർഘകാല വൈദ്യുതിവാങ്ങൽ കരാറുകൾ പുനഃപരിശോധിക്കാൻ റെഗുലേറ്ററി കമ്മീഷന് മന്ത്രിസഭയുടെ നിർദേശം.
യൂണിറ്റിന് 4.29 രൂപ നിരക്കിൽ സംസ്ഥാനത്തിനു വൈദ്യുതി ലഭിച്ചിരുന്ന കരാറുകൾ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാനാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ വകുപ്പ് 108 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് റഗുലേറ്ററി കമ്മീഷനോടു മന്ത്രിസഭ നിർദേശിച്ചത്.
സർക്കാരിന്റെ നയതീരുമാനം അനുസരിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ബാധ്യസ്ഥമായ സാഹചര്യത്തിൽ നിർദേശം ലഭിക്കുന്നതിന് അനുസരിച്ചു നടപടിക്രമങ്ങൾ പാലിച്ചു കമ്മീഷനു തീരുമാനം എടുക്കേണ്ടിവരും. സർക്കാരിന്റെ നയ തീരുമാനത്തെ കമ്മീഷൻ എതിർത്താൽ അപ്പീൽ പോകാനും സർക്കാരിനാകും.
കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാറുകൾ ഇല്ലാതായതോടെ പീക് ലോഡ് സമയത്തെ വൈദ്യുതി കമ്മി നേരിടാൻ യൂണിറ്റിന് 10 രൂപ വരെ നൽകി പവർ എക്സ്ചേഞ്ചിൽനിന്നു വൈദ്യുതി വാങ്ങേണ്ട അവസ്ഥയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എത്തി. വൈദ്യുതി കമ്മി നേരിടാൻ ബോർഡ് ഹ്രസ്വകാല- മധ്യകാല കരാറുകൾക്കു ടെൻഡർ വിളിച്ചെങ്കിലും യൂണിറ്റിന് 6.88 മുതൽ 7.10 രൂപ വരെയാണ് ഉത്പാദകർ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയ്ക്കു തടസം നേരിടാതിരിക്കാനാണ് പൊതുതാത്പര്യം മുൻനിർത്തി കേന്ദ്ര വൈദ്യുതി നിയമത്തിലെ വകുപ്പ് 108 ഉപയോഗിക്കുന്നത്. കരാർ പുനഃസ്ഥാപിക്കുന്നതോടെ കേരളം നേരിടുന്ന വൈദ്യുതികമ്മി ഇല്ലാതാകും. ബോർഡിന് പുതിയ ഹ്രസ്വ-മധ്യകാല കരാറുകൾക്കു ശ്രമിക്കേണ്ടി വരില്ല. മൂന്നു നിർദേശങ്ങളാണ് മന്ത്രിസഭാ യോഗം പരിഗണിച്ചത്.
കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ചു നയതീരുമാനം എടുത്തു റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടണമെന്ന ആദ്യനിർദേശം മന്ത്രിസഭ സ്വീകരിക്കുകയായിരുന്നു. കമ്മീഷൻ തീരുമാനത്തിനെതിരേ വൈദ്യുതി ബോർഡ്, കേന്ദ്ര അപ്പലേറ്റ് ട്രൈബ്യൂണലിൽ നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണം എന്നതായിരുന്നു രണ്ടാമത്തെ നിർദേശം.
പുതിയ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ ആവശ്യപ്പെട്ടുവെന്ന് അപ്പലേറ്റ് ട്രൈബ്യൂണലിനെ അറിയിച്ച് അപ്പീൽ പിൻവലിക്കാൻ ബോർഡിനു കഴിയും. കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു സുപ്രീം കോടതിയെ സമീപിക്കാമെന്ന നിർദേശവും മന്ത്രിസഭയുടെ മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ കേസ് നീണ്ടു പോകും എന്നതിനാൽ അതു തള്ളി.