അപകടവ്യാപ്തി വര്‍ധിച്ചത് പ്രവേശന കവാടത്തിന്റെ സ്ഥലപരിമിതി
Sunday, November 26, 2023 2:39 AM IST
കൊച്ചി: കൃത്യമായ ക്രമീകരണങ്ങളോടെയാണു ഗാനസന്ധ്യക്കായി വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും ഓഡിറ്റോറിയത്തിലേക്കു പ്രവേശിപ്പിച്ചതെങ്കിലും പ്രവേശന കവാടത്തിന്റെ പരിമിതിയാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയാക്കിയതെന്നു ദൃക്സാക്ഷികൾ.
പ്രശസ്ത ഗായിക നികിത ഗാന്ധിയുടെ ഗാനമേളയ്ക്കായി ഇന്നലെ വൈകുന്നേരം 5.30ഓടെ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. 6.30 വരെയായിരുന്നു പ്രവേശനസമയം.
കെട്ടിയടച്ച ഓഡിറ്റോറിയത്തിലേക്കു പ്രവേശിക്കാനായി ഒരു പ്രവേശനകവാടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്‍ജിനിയറിംഗ് വിദ്യാര്ഥികളെന്നു തിരിച്ചറിയാനായി കറുത്ത നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ മാത്രമാണു പ്രവേശിപ്പിച്ചത്.
ആറരയോടെ ഓഡിറ്റോറിയം പകുതി നിറഞ്ഞിരുന്നു. പരമാവധി 1500 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഓഡിറ്റോറിയം. അതില്‍ കുറവ് ആളുകള്‍ മാത്രമേ അപകടസമയം ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ. നൂറുകണക്കിനാളുകള്‍ അകത്തേക്കു പ്രവേശിക്കാനായി പ്രവേശന കവാടത്തിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.
പെട്ടെന്നു മഴ പെയ്തതോടെ ഗേറ്റിനുപുറത്ത് നിന്നിരുന്ന ആള്‍ക്കൂട്ടം ഓഡിറ്റോറിയത്തിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ വിദ്യാർഥികൾ പടികളിൽ വീണു. അകത്തേക്കു തള്ളിക്കയറിയവർ ഇവരുടെമേൽ വീഴുകയും പിന്നാലെ പ്രവേശിച്ചവർ ഇവരുടെ ദേഹത്തുകൂടി ചവിട്ടി നീങ്ങുകയുമായിരുന്നു.