റോബിന് ബസ് നടത്തിപ്പുകാരന് ഗിരീഷ് അറസ്റ്റിൽ
Monday, November 27, 2023 1:37 AM IST
പാലാ: സാമ്പത്തിക തട്ടിപ്പ് കേസിൽ റോബിന് ബസ് നടത്തിപ്പുകാരന് ഗിരീഷ് അറസ്റ്റിൽ. വണ്ടിച്ചെക്കു നല്കി കബളിപ്പിച്ചെന്ന കേസിലാണ് പാലാ പോലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ റോബിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളത്തെ കോടതിയില്‍ നിലനില്‍ക്കുന്ന ലോംഗ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി. പോലീസ് നടപടി ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു.
2012 മുതല്‍ നിലനില്‍ക്കുന്ന ലോറിയുടെ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തൃപ്പുണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഗിരീഷിനെ ഹാജരാക്കിയത്. രണ്ട് പേരുടെ ആള് ജാമ്യത്തില്‍ ജാമ്യം അനുവദിച്ചു.