ഉമ്മൻചാണ്ടി, സർക്കാരിനെ സാധാരണക്കാരന്റെ പടിവാതില്ക്കലെത്തിച്ച നേതാവെന്ന് ഗവർണർ
Monday, November 27, 2023 1:37 AM IST
തിരുവനനന്തപുരം: പൊതുജീവിതത്തിലും ഭരണരംഗത്തും മായാത്ത മുദ്ര പതിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതം യുവജനങ്ങൾക്കു മാതൃകയും പ്രചോദനവുമാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അർഹമായ ലോ ട്രസ്റ്റിന്റെ കഴിഞ്ഞ വർഷത്തെ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനു നൽകി പ്രസംഗിക്കുകയായിരുന്നു ഗവർണർ.
മുഖ്യമന്ത്രിയായിരിക്കേ, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും നാല് ജനസന്പർക്ക പരിപാടികൾ നടത്തുകയും ചെയ്തതു വഴി സർക്കാരിനെയും ഭരണാധികാരികളെയും സാധാരണക്കാരന്റെ പടിവാതിൽക്കലെത്തിക്കുന്നതിനും അവരുടെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞതായും ഗവർണർ പറഞ്ഞു.
ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റിൽ 1986ൽ കൊണ്ടുവന്ന നിയമനിർമാണത്തിനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ച ജസ്റ്റീസ്. വി.ആർ. കൃഷ്ണയ്യരുടെ നിലപാട് ഇന്നത്തെ രാഷ്ട്രീയ നേതൃത്വം കണ്ടു പഠിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
നീതിയുടെ പിഴവായി മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മോശമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പു നൽകി. വിവേചന രഹിതമായ നിയമഭേദഗതിയിൽ സമൂഹത്തിനുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു.
അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അദ്ദേഹം കത്തെഴുതി. മുസ്ലിം- ഹിന്ദു മതമൗലിക വാദികൾ മുതലെടുപ്പിനുള്ള ആയുധമാക്കി ഇതു മാറ്റുമെന്ന നിരീക്ഷണവും ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ കത്തിൽ ഉൾപ്പെടുത്തിയിരുന്നതായി ഗവർണർ പറഞ്ഞു.
മുത്തലാക്കുമായി ബന്ധപ്പെട്ട ഇത്തരം നിയമ നിർമാണങ്ങൾ സർക്കാർ നടത്തിയാൽ രാജ്യത്തു മതേതര വാദികളുടെ എണ്ണം ന്യൂനപക്ഷമായി ചുരുങ്ങുമെന്ന ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ വാക്കുകൾ പ്രവചനാത്മകമാണെന്നു കാലം തെളിയിച്ചെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കേ ഉയർന്ന ആരോപണങ്ങൾ ഉമ്മൻചാണ്ടിയെ വേദനിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസിനെ തളർത്താനായില്ലെന്നു അവാർഡ് ഏറ്റുവാങ്ങി ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു.
അഡ്വ. എം. ഷഹീദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ്, ഡോ.എൻ.കെ. ജയകുമാർ, തിരുനെൽവേലി ജില്ലാ ജഡ്ജി സമീന, അഡ്വ.പി. സന്തോഷ്കുമാർ, അഡ്വ.കെ. പ്രേംകുമാർ, അഡ്വ. ജോസഫ് ജോണ് എന്നിവർ പ്രസംഗിച്ചു.