അരങ്ങിലെ മാലാഖ ഇനിയില്ല
Monday, November 27, 2023 1:37 AM IST
പറവൂര്‍: താളം മുറുകിയ ചവിട്ടുനാടക വേദികളില്‍ ആ മാലാഖ ഇനി ഓര്മ. കുസാറ്റിലുണ്ടായ ദാരുണമായ അപകടത്തില്‍ ജീവന് പൊലിഞ്ഞ പറവൂര്‍ കുറുമ്പത്തുരുത്ത് സ്വദേശിനി ആന്‍ റിഫ്റ്റയുടെ മരണത്തില്‍ നാടാകെ കണ്ണീരിലാണ്. അത്രയ്ക്കും പ്രിയങ്കരിയായിരുന്നു എല്ലാവർക്കും അവൾ.
ചവിട്ടുനാടക പരമ്പര്യമുള്ള കുടുംബത്തിലെ പുതുതലമുറയിലെ കണ്ണിയുടെ വിയോഗം അത്രമേല്‍ ആ കുടുംബത്തെയും ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
ചവിട്ടുനാടക രംഗത്തേക്ക് മാലാഖയായാണ് ആന്‍ റിഫ്റ്റ അരങ്ങേറിയത്. പിന്നീട് നൂറോളം വേദികളില്‍ വേഷമിട്ടു.
പഠനത്തിലും കലാരംഗത്തും മികവ് പുലര്‍ത്തിയിരുന്ന ആന്‍ ചവിട്ടുനാടക വേദിയിലെത്തിയത് മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടര്ന്നാണ്. ചവിട്ടുനാടക കലാരൂപത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ജോര്‍ജ്കുട്ടി ആശാന്റെ പേരക്കുട്ടിയായിരുന്നു ആന്‍. പില്ക്കാലത്ത് ചവിട്ടുനാടക രംഗത്തെ ആശാനായി ഉയര്‍ന്നുവന്ന റോയ്, ജോര്‍ജുകുട്ടി ആശാന്റെ മകനും.
അമ്മ സിന്ധു ഇറ്റലിയില്‍ ജോലി ചെയ്യുകയാണ്. പിതാവ് റോയിയുടെ നാടകങ്ങളില്‍ ചേട്ടന് റിതുലിനോടൊപ്പം രാജകുമാരിയായി വേദികളില്‍ റിഫ്റ്റ നിറഞ്ഞുനിന്നു. രാജകുമാരിയായി ആയിരുന്നു അവസാനം അഭിനയിച്ചത്. സെന്റ് വലന്റൈന്‍ എന്ന നാടകമായിരുന്നു അത്.
അപകടം നടക്കുന്നതിനു തൊട്ടുമുമ്പും ആൻ വീട്ടിലേക്കു വിളിച്ച് സഹോദരനോടു സംസാരിച്ചിരുന്നു. വലിയൊരു സംഗീതപരിപാടി നടക്കാന്‍ പോകുകയാണെന്നു പറഞ്ഞ ആന്‍ അതിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷത്തിലായിരുന്നു. പിന്നീട് കുറേനേരം കഴിഞ്ഞു വിളിക്കാതായതോടെ സഹോദരന് തിരിച്ചു വിളിച്ചപ്പോള്‍ സുഹൃത്തുക്കളാണ് ഫോണെടുത്തത്.
ശ്വാസതടസം ഉണ്ടായതിനെത്തുടര്‍ന്ന് ആന്‍ റിഫ്റ്റയെ ആശുപത്രിയിലേക്കു കൊണ്ടുവന്നെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് സഹോദരനും ബന്ധുക്കളും കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണു മരണവിവരം അറിഞ്ഞത്.
ഇറ്റലിയിലുള്ള അമ്മ സിന്ധു എത്തിയശേഷം ആന്‍ റിഫ്റ്റയുടെ സംസ്കാരം നാളെ വടക്കന്‍ പറവൂര്‍ കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. കുസാറ്റ് കാമ്പസില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.