കുസാറ്റ് ദുരന്തം: എട്ടു പേര് ആശുപത്രി വിട്ടു
Tuesday, November 28, 2023 2:50 AM IST
കൊച്ചി: കുസാറ്റിലെ അപകടത്തില്‍ പരിക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന എട്ടു പേര് ആശുപത്രി വിട്ടു. നിലവില്‍ 10 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ വീതം മെഡിക്കല്‍ കോളജ്, ആസ്റ്റര്‍, കിന്‍ഡര്‍ ആശുപത്രികളിലായി ഐസിയുവിലാണ്. ആസ്റ്ററില്‍ വെന്റിലേറ്ററിലായിരുന്ന രണ്ടുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റി. മെഡിക്കല്‍ കോളജ്, രാജിഗിരി, ബിആന്‍ഡ്ബി ആശുപത്രികളിലായാണു മറ്റുള്ളവര്‍ ചികിത്സയിലുള്ളത്.
പരിക്കേറ്റവരുടെ മൊഴിയെടുത്തു
കൊച്ചി: കുസാറ്റില്‍ ഗാനസന്ധ്യക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16 വിദ്യാര്‍ഥികളുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ സംഘാടകര്‍, കുസാറ്റ് വിസി, രജിസ്ട്രാര്‍, പരിപാടിയുമായി ബന്ധപ്പെട്ട അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നടക്കം അന്വേഷണസംഘം മൊഴിയെടുക്കും.
ചികിത്സാച്ചെലവ് സര്‍വകലാശാല വഹിക്കും
കളമശേരി: കുസാറ്റിലുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ചികിത്സാച്ചെലവ് സര്‍വകലാശാല വഹിക്കും. ഇത്തരം അപകടങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു.
ദുരൂഹത: എംപ്ലോയീസ് യൂണിയന്
കൊച്ചി: കത്ത് പോലീസിനെ ഏല്‍പ്പിക്കാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി ആന്‍സണ്‍ പി. ആന്റണി ആരോപിച്ചു.
പരിപാടി നടക്കുന്ന തീയതിയും സമയവും ഉള്‍പ്പെടെ വ്യക്തമാക്കിയാണു കത്ത് നല്‍കിയിരിക്കുന്നത്. സർവകലാശാല കാമ്പസില്‍ പല പരിപാടികള്‍ക്കായും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താറുള്ളതാണ്. പിന്നെ എന്തുകൊണ്ട് സര്‍വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്നതാണ് അറിയേണ്ടത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീഴ്ച പഠിക്കാന്‍ ഉപസമിതി
കളമശേരി: സംഘാടനത്തിലെ വീഴ്ചകള്‍ പഠിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനുമായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
സിന്‍ഡിക്കറ്റ് അംഗങ്ങളായ കെ.കെ. കൃഷ്ണകുമാര്‍ (കണ്‍വീനര്‍), ഡോ. ശശി ഗോപാലന്, ഡോ. വി.ജെ. ലാലി എന്നിവരടങ്ങുന്നതാണു സമിതി. വെള്ളിയാഴ്ചയ്ക്കു മുന്‍പായി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
ജുഡീഷല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ക്കു കത്ത് നല്കി
കൊച്ചി: കുസാറ്റില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് കത്ത് നല്കി. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നല്‍കിയിരുന്നു.