സിയാലിൽ ഫാസ്റ്റാഗ് പ്രവേശനം ഡിസംബറിൽ
Tuesday, November 28, 2023 2:50 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കന്പനിയിൽ (സിയാൽ) ഫാസ്റ്റാഗ് പ്രവേശനം, ഡിജിറ്റൽ പാർക്കിംഗ് സംവിധാനങ്ങൾ എന്നിവ ഡിസംബർ ഒന്നിന് നിലവിൽ വരും. സമഗ്രമായ ഈ സംവിധാനം യാത്രക്കാരുടെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം-പുറത്തുകടക്കൽ പ്രക്രിയ എളുപ്പമാക്കുകയും പാർക്കിംഗ് കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
എൻട്രി-എക്സിറ്റ് കവാടങ്ങളിൽ നിലവിൽ ഒരു വാഹനത്തിന് എടുക്കുന്ന സമയം ശരാശരി രണ്ടു മിനിറ്റാണ്. ഇത് എട്ട് സെക്കൻഡായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. തടസങ്ങളില്ലാത്തതും വേഗത്തിലുള്ളതുമായ പാർക്കിംഗ് പ്രക്രിയ ഉറപ്പാക്കുന്ന രീതിയിലാണ് ‘സ്മാർട്ട് പാർക്കിംഗ്’ രൂപകല്പന ചെയ്തിരിക്കുന്നത്. നാവിഗേഷൻ സംവിധാനം, പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
കാര്യക്ഷമത ഉറപ്പാക്കാൻ പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം (പിഎംഎസ്), കവാടങ്ങളിലും കാർ പോർട്ടിനുള്ളിലും സുഗമമായ സഞ്ചാരവും പാർക്കിംഗും ഉറപ്പാക്കുന്ന പാർക്കിംഗ് ഗൈഡൻസ് സിസ്റ്റം (പിജിഎസ്) തുടങ്ങിയവയും ഈ പുതിയ സംവിധാനത്തിന്റെ സവിശേഷതയാണ്.